പൂനെ കപ്പുയര്‍ത്തും; ധോനിയെ പ്രകീര്‍ത്തിച്ച് അസ്ഹറുദ്ദീന്‍

ഹൈദരാബാദ്: ഐ.പി.എല്‍ പത്താം സീസണില്‍ എം.എസ് ധോനിയുടെ കരുത്തില്‍ പൂനെ കപ്പുയര്‍ത്തുമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍.
ക്യാപ്റ്റനെന്ന നിലയില്‍ ഐ.പി.എല്‍ കിരീടമുയര്‍ത്തിയ ധോനിക്ക് കളിക്കാരനായും കിരീടം നേടാനാകുമെന്നായിരുന്നു അസ്ഹറുദ്ദീന്റെ പ്രശംസ. ഐപിഎല്‍ കലാശപ്പോരാട്ടത്തെ കുറിച്ച് ദേശീയ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അസ്ഹര്‍.

പ്ലേഓഫിലെ ക്വാളിഫയര്‍ ഒന്നില്‍ മുംബൈക്കെതിരെ നേടിയ നിര്‍ണായക വിജയം പുണെയുടെ ആത്മവിശ്വാസം കൂട്ടുന്നതാണെന്നും ഈ പ്രകടനം ഫൈനലില്‍ ആവര്‍ത്തിക്കാനുള്ള കഴിവ് പൂനെക്കുണ്ടെന്നും അസ്ഹറുദ്ദീന്‍ പറഞ്ഞു. ഫൈനലില്‍ ബെന്‍ സ്റ്റോക്ക്സിന്റെ അഭാവം പുണെക്ക് ക്ഷീണമാകുമെന്ന് അഭിപ്രായപ്പെട്ട അസ്ഹര്‍, ധോനിയുടെ ബാറ്റിങ് പ്രതീക്ഷ നല്‍കുന്നതാണെന്നും പറഞ്ഞു. അവസാന രണ്ട് ഓവറുകളില്‍ 40 റണ്‍സടിച്ച ധോനിയുടെ പ്രകടനമാണ് അസ്ഹര്‍ ഉയര്‍ത്തി കാട്ടുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ ഐ.പി.എല്‍ കിരീടമുയര്‍ത്തിയ ധോനിക്ക് കളിക്കാരനായും കിരീടം നേടാനാകുമെന്നും അസ്ഹറുദ്ദീന്‍ വിലയിരുത്തി.

അതേസമയം പുനെയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ധോനിയെ നീക്കിയ നടപടിയെ അസ്ഹറുദ്ദീന്‍ വിമര്‍ശിച്ചു. ധോനിയുടെ വിശ്വാസ്യതയും നിലയും നോക്കാതെ പൂനെ ഉടമസ്ഥരെടുത്ത തീരുമാനം അപമാനകരവും മൂന്നാംകിടയുമായെന്ന് അസ്ഹറുദ്ദീന്‍ വ്യക്തമാക്കി