ഐ.എസ് ഗള്‍ഫില്‍ നിന്ന് പണം സമാഹരിച്ചതായി പൊലീസ്

കണ്ണൂര്‍: കണ്ണൂരില്‍ അറസ്റ്റിലായ ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാന്‍ ആന്റ് സിറിയ പ്രവര്‍ത്തകര്‍ (ഐഎസ്‌ഐഎസ്) ഗള്‍ഫില്‍ നിന്ന് പണം സമാഹരിച്ചതായി ഡിവൈഎസ്പി പി.പി സദാനന്ദന്‍. ഐഎസ് പ്രവര്‍ത്തകനായ പാപ്പിനിശേരി സ്വദേശി തസ്‌ലീം ഇടനിലക്കാരനായാണ് പ്രധാനമായും ഫണ്ട് ശേഖരിച്ചത്. നേരത്തെ കണ്ണൂരിലടക്കം സിറിയയിലേക്ക് ഐഎസില്‍ ചേരാന്‍ പോയവര്‍ക്ക് ധനസഹായം തസ്‌ലീം മുഖേനയായിരുന്നു നല്‍കിയിരുന്നത്. കണ്ണൂരില്‍ അറസ്റ്റിലായ ചക്കരക്കല്‍ സ്വദേശി മിഥിലാജ് എന്നയാളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് മുഖേനയാണ് പണം കൈമാറിയിരുന്നത്. ഷാര്‍ജ, ദുബൈ എന്നിവിടങ്ങളിലടക്കം നിരവധിപേരില്‍ നിന്ന് ഐഎസ് സംഭാവന സ്വീകരിച്ചതായി അന്വേഷണസംഘത്തലവനായ സദാനന്ദന്‍ പറഞ്ഞു.

ഗള്‍ഫില്‍നിന്ന് തസ്‌ലിം പണപ്പിരിവ് നടത്തിയിരുന്നെന്ന് ആധികാരികമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. യുഎഇയില്‍ കോര്‍ക്ക് ഖാന്‍ എന്ന പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ തസ്‌ലിം നാട്ടിലെ പള്ളിയുടെ പേരില്‍ അനധികൃതമായി പണപ്പിരിവ് നടത്തിയതിന് യുഎഇയില്‍ നിലവില്‍ കേസുണ്ട്. നേരത്തെ ഡല്‍ഹിയില്‍ അറസ്റ്റിലായ കണ്ണൂര്‍ കാഞ്ഞിരോട് സ്വദേശി ഷാജഹാന്റെ മാതാവില്‍ നിന്നും മിഥിലാജ് ഒരു ലക്ഷം രൂപ വാങ്ങിയതായി കണ്ണൂരില്‍ അറസ്റ്റിലായ ഐഎസ് പ്രവര്‍ത്തകര്‍ മൊഴി നല്‍കിയിട്ടുണ്ട്.

തൊട്ടടുത്ത ദിവസം ഈ തുക ഗള്‍ഫില്‍നിന്ന് സിറിയയിലേക്ക് കടന്നവര്‍ക്ക് കൈമാറിയതായും മൊഴിയുണ്ടായിരുന്നു. ഷാജഹാന്റെ സഹോദരന്റെ സ്ഥാപനത്തില്‍ തന്നെയാണ് തസ്‌ലിം ജോലി ചെയ്തിരുന്നത്. ഷാര്‍ജയിലെ റോള എന്ന സ്ഥലത്തുള്ള ഷോപ്പിംഗ് കോംപ്ലക്‌സിലെ ഒരു വാച്ച് കടയില്‍നിന്നാണ് ഈ തുക കൈമാറിയത്. തസ്‌ലിം നാട്ടില്‍ തിരിച്ചെത്തിയതിന് ശേഷം സന്ദര്‍ശക വിസയെടുത്ത് ദുബൈയിലേക്ക് പോയെങ്കിലും ഇപ്പോള്‍ ഇയാളെകുറിച്ച് യാതൊരു വിവരവുമില്ലെന്ന് അന്വേഷണത്തിന് ശേഷം ദുബൈയില്‍ നിന്ന് തിരിച്ചെത്തിയ ഡിവൈഎസ്പി വ്യക്തമാക്കി. അതിനിടെ ഐഎസുമായി ബന്ധപ്പെട്ട എല്ലാ കേസുകളും എന്‍ഐഎക്ക് കൈമാറി. ഷാജഹാനെതിരെ ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസും കണ്ണൂരില്‍ അഞ്ചുപേര്‍ അറസ്റ്റിലായ കേസും ഒറ്റ കേസായി എന്‍ഐഎ അന്വേഷിക്കും.

SHARE