മലബാര്‍ സമരത്തെ വര്‍ഗീയ കലാപമാക്കി ചര്‍ച്ച; കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ “ഇസ്‌ലാമോഫോബിയ” വിവാദമാവുന്നു

സാഹിത്യോത്സവത്തിന്റെ ഒന്നാം ദിവസം 'മലബാര്‍ കലാപം കര്‍ഷക സമരമോ? വര്‍ഗീയ സമരമോ?' എന്ന വിഷയത്തില്‍ എഴുത്തോല വേദിയില്‍ നടന്ന സംവാദത്തില്‍നിന്നും.

കോഴിക്കോട്: ഇന്ന് മുതല്‍ കോഴിക്കോട്ട് ബീച്ചല്‍ ആരംഭിച്ച കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലെ മുസ്‌ലിം വിരുദ്ധ നിലപാടിനെതിരെ വിമര്‍ശനമുയരുന്നു. സംസ്ഥാന സര്‍ക്കാര്‍ കൂടി സ്‌പോണ്‍സറായ പരിപാടിയില്‍ നടക്കുന്ന വിവിധ സെക്ഷനുകളിലെ വിഷയങ്ങളില്‍കൂടി ഇസ്്‌ലാമോഫോബിയ വളര്‍ത്തുന്നുവന്ന ആക്ഷേപമാണ് ഉയര്‍ന്നത്.

ഫെസ്റ്റിവലിന്റെ ആദ്യ പരിപാടിയായി ഇന്ന് രാവിലെ എഴുത്തോല വേദിയില്‍ നടന്ന സംവാദ വിഷയംപോലും സംഘാടകരുടെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. സാഹിത്യോത്സവത്തിന്റെ ഒന്നാം ദിവസം ‘മലബാര്‍ കലാപം കര്‍ഷക സമരമോ? വര്‍ഗീയ സമരമോ?’ എന്ന വിഷയത്തില്‍ വേദി എഴുത്തോലയില്‍ നടന്ന ചര്‍ച്ചയുടെ വിഷയ തെരഞ്ഞെടുപ്പിനെതിരെ വേദിയില്‍ നിന്നു തന്നെ വിമര്‍ശനമുയര്‍ന്നു.

ഔദ്യോഗികമായി സ്വാതന്ത്ര്യ സമരമായി അംഗീകരിച്ചു കഴിഞ്ഞ സമരം വീണ്ടും ഒരു വര്‍ഗീയ കലാപമാണോ എന്ന വിഷയമായി കേരള സാഹിത്യോത്സവം പോലുള്ള വേദികളില്‍ എന്തുകൊണ്ടാണ് ചര്‍ച്ചയായി വരുന്നതെന്ന് സംവാദത്തില്‍ പങ്കെടുത്ത ഡോ. എം ഷംസാദ് ഹുസൈന്‍ ചോദിച്ചു.
ബ്രിട്ടീഷ് വിരുദ്ധ സമരം വര്‍ഗീയ കലാപമായി മാറ്റുന്നതിലൂടെ ബ്രിട്ടീഷുകാര്‍ ഇവിടെ ഉപേക്ഷിച്ചു പോയ കൊളോണിയലിസത്തിന്റെ ബോധത്തില്‍ നിന്ന് ഒരു പടി പോലും മുന്നേറാന്‍ നമുക്ക് ഇനിയും സാധിച്ചിട്ടില്ലെന്നാണ് എന്നാണ് ഈ വിഷയത്തില്‍ മനസിവുന്നതെന്നും ഡോ.ഷംസാദ് കുറ്റപ്പെടുത്തി. മലബാര്‍ സമരം ഒരു വര്‍ഗീയ കലാപമാണ് എന്നതിന് എന്തു തെളിവുകളാണുള്ളതെന്നും മലബാര്‍ സമരം ബ്രിട്ടീഷുകാരെയും അവരുടെ അനുയായികളെയുമാണ് ലക്ഷ്യം വെച്ചതെന്നും അദ്ദേഹം ആഭിപ്രായപ്പെട്ടു.

എം പി ബഷീര്‍ മോഡറേറ്ററായ ചര്‍ച്ചയില്‍ ഡാ. എം ഷംസാദ് ഹുസൈനെ കൂടാതെ പി ശിവദാസ്, ഐ സമീല്‍ എന്നിവരും പങ്കെടുത്തു.
മലബാര്‍ കലാപം എന്നതിനു പകരം മലബാര്‍ സമരം എന്ന പദപ്രയോഗത്തിന്റെ സാധ്യതകൂടി ചര്‍ച്ചയില്‍ വിശകലനം ചെയ്തു. കലാപം എന്ന വാക്ക് ഒരു കൊളോണിയല്‍ ഫ്രെയിമിംഗ് ആണ്. ഇന്നും പാഠപുസ്തകങ്ങള്‍ മുതല്‍ ചരിത്രകാരന്മാര്‍ വരെ മലബാര്‍ സമരത്തെ മലബാര്‍ കലാപം എന്ന് വിലയിരുത്തുമ്പോള്‍ എന്തുകൊണ്ട് ഈ കൊളോണിയലിസത്തിന്റെ ബാക്കിപത്രങ്ങളെ കുറിച്ച് അവര്‍ ബോധവാന്മാരാക്കുന്നില്ല. ഓരോ കാലഘട്ടത്തിലും മലബാര്‍ കലാപത്തിന് ഉണ്ടാകുന്ന വ്യാഖ്യാനങ്ങളാണ് പ്രശ്‌നമെന്നും ഐ. സമീല്‍ അഭിപ്രായപ്പെട്ടു.

അതേസമയം, മുസ്‌ലിം നാമധാരികളെ മാത്രം പങ്കെടുപ്പിച്ച് ‘മതജീവിതത്തില്‍ നിന്നും മതരഹിത ജീവിതത്തിലേക്ക്’ എന്ന തലക്കെട്ടില്‍ നിശ്ചയിച്ച സെഷനും നേരത്തെ സാഹിത്യോത്സവത്തെ വിവാദത്തിലാക്കിയിരുന്നു.
ഇസ്്‌ലാമില്‍ നിന്നു മതരഹിത ജീവിതത്തിലേക്കു പോയവരെ മാത്രമാണ് സംവാദത്തില്‍ പങ്കെടുപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി സംവാദപരിപാടിയില്‍ പങ്കെടുക്കില്ലെന്ന് പരിപാടിയിലെ അതിഥിയായ ജസ്‌ല മാടശ്ശേരി അറിയിച്ചിരുന്നു.
ജാമിദ ടീച്ചര്‍, ജസ്്‌ല മാടശ്ശേരി, റഫീഖ് മംഗലേേശ്ശരി, മോഡറേറ്റര്‍ പിടി മുഹമ്മദ് സാദിഖ് എന്നിവരുള്‍പെട്ട ചര്‍ച്ചയാണ്്് ഒരുക്കിയത്്. ഇത് ഇസ്ലാമോഫോബിയയാണെന്ന് പ്രതിഷേധിച്ചാണ് യുക്തിവാദിയെന്നു സ്വയം വിശേഷിപ്പിക്കുന്ന ജസ്‌ല മാടശ്ശേരി സംവാദപരിപാടിയില്‍നിന്നും പിന്മാറിയത്.

സംവാദപരിപാടിയില്‍ മുമ്പ് മുസ്‌ലിം മതത്തില്‍ വിശ്വസിച്ചിരുന്നവരെ മാത്രം പങ്കെടുപ്പിക്കുന്നത് കൊണ്ടാണ് പിന്‍മാറുന്നതെന്നും ഇപ്പോഴത്തെ അവസ്ഥയില്‍ ഇസ്‌ലാമോഫോബിയയുടെ വളര്‍ച്ചക്കേ ഇത് ഉപകരിക്കു എന്നും ജസ്‌ല ഫേസ്ബുക്കില്‍ കുറിച്ചു. മതരഹിത ജീവിതത്തിലേക്ക് കടന്ന് വന്നവര്‍ പഴയ മുസ്‌ലിം മാത്രമല്ല എല്ലാ മതത്തില്‍ നിന്നുള്ളവരുമുണ്ട് എന്നും ജസ്‌ല ചൂണ്ടിക്കാട്ടി. യുക്തിവാദം എന്നാല്‍ ഒന്നിനെ മാത്രം ഫോക്കസ് ചെയ്ത് എതിര്‍ക്കലല്ല. യുക്തിക്ക് നിരക്കാത്തത് തന്നെയാണ് തന്നെ സംബന്ധിച്ചിടത്തോളം എല്ലാ മതങ്ങളെന്നും ജസ്‌ല പറഞ്ഞു. സമകാലിക സാഹചര്യത്തില്‍ ഇത്തരത്തില്‍ മൂന്ന് പഴയ മുസ്‌ലീങ്ങളുടെ മാത്രം പാനല്‍ ചര്‍ച്ച ഒരു ടാര്‍ജറ്റഡ് ഫോബിയ വളര്‍ത്താനേ ഉതകൂവെന്നും. സംഘപരിവാറിന്,ഇതൊരു വാളും ആകുമെന്നത് കൊണ്ട് തന്നെ പങ്കെടുക്കില്ലെന്ന് സംഘാടകരോട് അറിയിച്ചിട്ടുണ്ടെന്നും ജസ്‌ല പറഞ്ഞു.

എന്നാല്‍ ജസ്‌ല പിന്മാറിയതോടെ അവര്‍ ഉയര്‍ത്തിയ വിമര്‍ശനം വകവക്കാതെ സംഘാടകര്‍ അതേ നിലപാട് തുടരുകയാണുണ്ടായത്. പകരം ആളുകളെ കൂട്ടിച്ചേര്‍ത്ത് പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്ന രൂപേണ തലക്കെട്ട് മാറ്റി സെഷന്‍ മുന്നോട്ടുകൊണ്ടു പോകാന്‍ തീരുമാനിച്ചു.

മതജീവിതം, മതരഹിതജീവിതം എന്നായി പുതിയ തലക്കെട്ട്. മുഹമ്മദ് ശമീം, മുജീബ് റഹ്മാന്‍ കിനാലൂര്‍, ആബിദ ജോസഫ് എന്നിവരെയാണ് പുതുതായി ഉള്‍പെടുത്തിയത്. മതമൗലികവാദികളുടെ മുമ്പില്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ സച്ചിദാനന്ദന്‍ ഉള്‍പെടെയുള്ളവര്‍ മുട്ടുമടക്കിയെന്നാക്ഷേപിച്ച് റഫീഖ് മംഗലശ്ശേരി പിന്‍വാങ്ങുന്നതായി പ്രഖ്യാപിച്ചു. വിവാദത്തിന്റെ കേന്ദ്ര പ്രശ്‌നം ഇസ്്‌ലാമോഫോബിയ ആയിരിക്കെ മറ്റു മതങ്ങളെയും വെച്ച് തങ്ങളുടെ താല്‍പര്യം ഇസ്്‌ലാം മാത്രമല്ലെന്ന് വെളിപ്പെടുത്തുന്നതിന് പകരം തങ്ങളുടെ ലക്ഷ്യം ഇസ്്‌ലാം മാത്രമാണെന്ന് വ്യക്തമാക്കി ഇസ്്‌ലാമിസ്റ്റുകളെ കൂടി പരിഗണിക്കുകയായിരുന്നു സംഘാടക സമിതി ചെയ്തത്. ഇത് ഇസ്്‌ലാമോഫോബിയ ആരോപണം സംഘാടകര്‍ തന്നെ ശരിവെക്കുന്ന തലത്തിലേക്ക് കാര്യങ്ങളെത്തിച്ചു.

ബിജെപിയുടേയും സിപിഎംമ്മിന്റെയും പ്രതിനിധികളെ മാത്രം അതിഥികളായി തെരഞ്ഞെടുത്ത് ആരുടേതാണീ ഇന്ത്യ എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കുന്നതും വിവാദമായിരുന്നു. എന്നാല്‍ പുതുതായി ആളുകളെ ഉള്‍പ്പെടുത്തി പരിഹരിക്കുകയായിരുന്നു.

സര്‍ക്കാര്‍ കൂടി സ്‌പോണ്‍സറായ പരിപാടിയിലൂടെ ഇസ്്‌ലാമോഫോബിയ വേണ്ടെന്ന പ്രതിഷേധത്തോട് ഗൗരവമായി പ്രതികരിക്കാന്‍ ഇതുവരെ സംഘാടകര്‍ തയ്യാറായിട്ടില്ല. ഡിസി ബുക്‌സിനെതിരെയും സംഘാടക സമിതിക്കെതിരെയും കഴിഞ്ഞ വര്‍ഷങ്ങളിലും ശക്തമായ ഇത്തരം ആരോപണങ്ങളുണ്ടായിരുന്നു.

500 എഴുത്തുകാര്‍; അഞ്ചു വേദികള്‍: ഇന്നു തുടക്കം

കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ അഞ്ചാമത് എഡിഷന്‍ ഇന്ന് തുടങ്ങും. കോഴിക്കോട് ബീച്ചില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ വൈകുന്നേരം 6.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. എഴുത്തോല, വാക്ക്, തൂലിക, കഥ, അക്ഷരം എന്നീ അഞ്ചുവേദികളിലാണ് വിവിധ സെഷനുകള്‍ നടക്കുക. മലയാളത്തിലെയും ഇന്ത്യയിലെ വിവിധ ഭാഷകളിലെയും എഴുത്തുകാര്‍ക്ക് പുറമെ വിദേശ എഴുത്തുകാരും സംബന്ധിക്കുമെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ കവി കെ. സച്ചിദാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
500 എഴുത്തുകാര്‍ പങ്കെടുക്കും. സ്‌പെയിന്‍ ആണ് ഇത്തവണത്തെ അതിഥി രാജ്യം. അവിടെനിന്ന് എഴുത്തുകാരും സംഗീതജ്ഞരും ഡാന്‍സ് ട്രൂപ്പും എത്തും. തമിഴ് ആണ് ഫോക്കസ് ചെയ്യുന്ന ഇന്ത്യന്‍ഭാഷ. ശര്‍മിള സെയ്ദ്, ചേരന്‍ തുടങ്ങിയ എഴുത്തുകാര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും. വിവിധ സമുദായങ്ങളില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ ഭാഷയുടെ സിദ്ധികളും സാധ്യതകളും പരിശോധിക്കുന്നതും ഇത്തവണത്തെ പ്രത്യേകതയാണെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു. ആദിവാസികള്‍, മത്സ്യത്തൊഴിലാളികള്‍,ഗോത്രസമുദായങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കവികളും കഥാകാരന്മാരും സംബന്ധിക്കും. അവരുടെ രചനകള്‍ ചര്‍ച്ച ചെയ്യും. പരിസ്ഥിതി ഒരു പ്രധാന വിഷയമായി കടന്നുവരും.
കേരളം രണ്ടു പ്രളയങ്ങള്‍ പിന്നിട്ടതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് പരിസ്ഥിതി പ്രശ്‌നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുന്നത്. മാധവ് ഗാഡ്ഗില്‍ ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ഇന്ത്യാചരിത്രവുമായി ബന്ധപ്പെട്ട തര്‍ക്കവിഷയങ്ങളും ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ കടന്നുവരും.
ചരിത്രത്തെ മാറ്റിയെഴുതാന്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങള്‍ ഉണ്ടാവുന്ന സാഹചര്യത്തില്‍ ആശയസംവാദം ആരോഗ്യകരമായ ഒന്നായി മാറുമെന്നാണ് പ്രതീക്ഷയെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു. കേരളത്തിന്റെയും മലബാറിന്റെയും ചരിത്രം പ്രധാനമായി ചര്‍ച്ച ചെയ്യും. 210 സെഷനുകളാണ് ഉണ്ടാവുക. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സംവാദങ്ങള്‍ക്ക് പുറമെ 15 മിനുട്ട് നീണ്ടുനില്‍ക്കുന്ന സ്‌ട്രെയിറ്റ് ടോക്ക്, അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പുസ്തകചര്‍ച്ച എന്നിവ ഓരോ ദിവസവും നടക്കും. ജയറാം രമേശ്, കപില്‍സിബല്‍, ടി.എം കൃഷ്ണ, രാമചന്ദ്രഗുഹ, എം.എ ബേബി, കെ.ആര്‍ മീര, സക്കറിയ, കെ.സി നാരായണന്‍, എം.എന്‍ കാരശ്ശേരി തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ എത്തും.
ഇന്ന് രാവിലെ ഒന്നാമത്തെ വേദിയില്‍ രാവിലെ പത്ത് മണിക്ക് മലബാര്‍ കലാപം കര്‍ഷക സമരമോ വര്‍ഗീയ കലാപമോ എന്ന വിഷയം ചര്‍ച്ച ചെയ്യും. 11മണിക്ക് ജനഗണമന എ പോയറ്റിക് മാസ്റ്റര്‍പീസ് എന്ന വിഷയത്തില്‍ ടി.എം കൃഷ്ണ സംസാരിക്കും. രണ്ടുമണിക്ക് ജനാധിപത്യത്തിന്റെ കേരളീയാനുഭവങ്ങള്‍ എന്ന സെഷനില്‍ സക്കറിയ, ഷാജഹാന്‍ മാടമ്പാട്ട് എന്നിവര്‍ സംസാരിക്കും.
എഴുത്ത് രാഷ്ട്രീയമാകുമ്പോള്‍ എന്ന സെഷനില്‍ എം.എ ബേബി, കെ.ആര്‍ മീര എന്നിവര്‍ സംസാരിക്കും. ഉച്ചക്ക് ഒരു മണിക്കുള്ള സെഷനില്‍ കേരളം പന്തുകളിച്ചപ്പോള്‍ എന്ന വിഷയത്തില്‍ ഐ.എം വിജയന്‍, സി.വി പാപ്പച്ചന്‍, ടിനു യോഹന്നാന്‍, ഷറഫലി എന്നിവര്‍ സംസാരിക്കും. കമാല്‍ വരദൂര്‍ മോഡറേറ്റര്‍ ആയിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡി.സി രവി, ജനറല്‍ കണ്‍വീനര്‍ എ.കെ അബ്ദുല്‍ഹക്കീം, കെ.വി ശ്രീകുമാര്‍ എന്നിവരും സംബന്ധിച്ചു.