‘പൗരത്വനിയമം മുസ്ലിങ്ങളുടെ മാത്രം പ്രശ്‌നമല്ല രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും പ്രശ്‌നം’; പൗരത്വനിയമത്തിനെതിരെ ലത്തീന്‍ സഭയുടെ ഇടയലേഖനം

കൊച്ചി: റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ച് പൗരത്വഭേദഗതി നിയമത്തിനെതിരെ ലത്തീന്‍ സഭയുടെ പള്ളികളില്‍ ഇടയലേഖനം. രാജ്യത്തെ വിഭജിക്കുക എന്ന വലിയ കുറ്റകൃത്യമാണ് പൗരത്വഭേദഗതി നിയമത്തിലൂടെ നടക്കുന്നതെന്ന് ഇടയലേഖനത്തില്‍ പറയുന്നു. ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സമ്മേളന തീരുമാനമനുസരിച്ചാണ് ജനുവരി 26ന് ഭരണഘടന സംരക്ഷണ ദിനമായി ആചരിക്കാനുള്ള തീരുമാനം.

റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ഭരണഘടനയുടെ ആമുഖം വായിച്ച ശേഷമാണ് വിവിധ പള്ളികളില്‍ ഇടയലേഖനം വായിച്ചത്. ഇത് മുസ്‌ലിങ്ങളുടെ മാത്രം പ്രശ്‌നമല്ലെന്നും രാജ്യത്തെ സര്‍വ്വ ജനങ്ങളുടെയും പ്രശ്‌നമാണെന്നും ഇടയലേഖനത്തില്‍ പറയുന്നു.

ബില്ലിന്റ ആന്തരിക അര്‍ത്ഥങ്ങളും രാജ്യം ഭരിക്കുന്നവരുടെയും അവരെ നിയന്ത്രിക്കുന്നവരുടെയും പ്രസ്താവനകളും വിലയിരുത്തുമ്പോള്‍ മതരാഷ്ട്ര ത്തിലേക്കുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നതെന്ന് വെളിപ്പെടും. മതേതര ഇന്ത്യക്കായി ഭരണഘടന സംരക്ഷിക്കാനായി യോജിച്ച പോരാട്ടത്തിന് ഇറങ്ങണമെന്നും ഇടയലേഖനത്തില്‍ പറയുന്നു.

SHARE