ജമ്മുകാശ്മീര്‍ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ഭരണഘടനച്ചട്ടങ്ങള്‍ മറികടന്നാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതെന്ന് ചൂണ്ടിക്കാട്ടുന്ന 15 ഹര്‍ജികളാണ് സുപ്രിം കോടതിക്ക് മുന്നിലുള്ളത്.

ആഗസ്റ്റ് അഞ്ചിനാണ് ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370, 35 എ എന്നീ ഭരണഘടന അനുച്ഛേദങ്ങള്‍ രാഷ്ട്രപതിയുടെ ഉത്തരവിലൂടെ കേന്ദ്രം റദ്ദാക്കിയത്. ജമ്മുകശ്മീരിനെയും ലഡാക്കിനെയും പ്രത്യേക കേന്ദ്രഭരണപ്രദേശങ്ങളാക്കി തിരിക്കുന്ന നിയമവും കേന്ദ്രം കൊണ്ടുവന്നിരുന്നു.

നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളായ മുഹമ്മദ് അക്ബര്‍ ലോണ്‍, ഹസനൈന്‍ മസൂദി എന്നിവര്‍ക്ക് പുറമെ ജമ്മുകശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് നേതാക്കളായ ഷാ ഫൈസല്‍, ഷഹ്ല റാഷിദ്, അഭിഭാഷകരായ ഷാക്കിര്‍ ഷബീര്‍, എം.എല്‍ ശര്‍മ, സിപിഎം നേതാവ് മുഹമ്മദ് യൂസുഫ് തരിഗാമി എന്നിവരും ഹരജിക്കാരാണ്. ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള ഹരജികള്‍ക്ക് പുറമെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍, അന്യായ തടവുകള്‍ എന്നിവ ചോദ്യം ചെയ്തുള്ള ഹരജികളും ഈ ബഞ്ച് പരിഗണിക്കും.

SHARE