ജറൂസലമിലെ യു.എസ് എംബസി ഉദ്ഘാടനം: പങ്കെടുക്കുന്നവരുടെ പേരുകള്‍ പുറത്തുവിട്ടു

വാഷിങ്ടണ്‍: അന്താരാഷ്ട്ര പ്രതിഷേധം വകവെക്കാതെ അടുത്തയാഴ്ച ജറൂസലമില്‍ തുറക്കുന്ന അമേരിക്കന്‍ എംബസിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്ന പ്രമുഖരുടെ പേരു വിവരങ്ങള്‍ യു.എസ് ഭരണകൂടം പ്രഖ്യാപിച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചടങ്ങിനെത്തില്ല. പക്ഷെ, ട്രംപിന്റെ മകള്‍ ഇവാന്‍ക, മരുമകന്‍ ജാരെദ് കുഷ്‌നര്‍, യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മിനുച്ചിന്‍, ഇസ്രാഈലിലെ യു.എസ് അംബാസഡര്‍ ഡേവിഡ് ഫ്രീഡ്മാന്‍, ട്രംപിന്റെ പശ്ചിമേഷ്യന്‍ ദൂതന്‍ ജാസന്‍ ഗ്രീന്‍ബാള്‍ട്ട് എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.

14നാണ് എംബസിയുടെ ഉദ്ഘാടനം. ജറൂസലമില്‍ നിലവിലുള്ള യു.എസ് കോണ്‍സുലേറ്റാണ് എംബസിയാക്കി മാറ്റിയിരിക്കുന്നത്. ഫലസ്തീന്‍ വിഷയത്തില്‍ പതിറ്റാണ്ടുകളായി അമേരിക്ക സ്വീകരിച്ചിരിക്കുന്ന നിലാപാടിനെ അട്ടിമറിച്ച് 2017 ഡിസംബറിലാണ് ട്രംപ് ഇസ്രാഈല്‍ തലസ്ഥാനമായി ജറൂസലമിനെ അംഗീകരിക്കുകയും എംബസി മാറ്റുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തത്. യു.എസ് അംബാസഡറായ ഫ്രീഡ്മാനും ട്രംപിന്റെ പ്രതിനിധി ഗ്രീന്‍ബാള്‍ട്ടും ഇസ്രാഈലുമായി ഏറെ അടുപ്പമുള്ളവരാണ്. ഫലസ്തീനിലെ ഇസ്രാഈല്‍ അധിനിവേശത്തെയും കുടിയേറ്റ നിര്‍മാണ പ്രവര്‍ത്തനങ്ങളെയും അവര്‍ പരസ്യമായി ന്യായീകരിച്ചിരുന്നു.

ജറൂസലമിലെ യു.എസ് എംബസി കെട്ടിടത്തിലേക്കുള്ള ദിശാസൂചക ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തിയായ ശേഷമാണ് ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നവരുടെ പേരുകള്‍ വൈറ്റ്ഹൗസ് പ്രഖ്യാപിച്ചത്. ലോകത്ത് ഒരു രാജ്യത്തിനും ഇതുവരെ ജറൂസലമില്‍ എംബസിയില്ല. അമേരിക്കക്കു പിന്നാലെ പരാഗ്വെയും ജറൂസലമില്‍ എംബസി തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 1967ലെ യുദ്ധത്തില്‍ ഫലസ്തീനില്‍നിന്ന് പിടിച്ചെടുത്ത ജറൂസലമിനെ ഇസ്രാഈലിന്റെ ഭാഗമായി പോലും അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുന്നില്ല.