നരേന്ദ്രമോദിയുടെ ‘നുണ’പരാമര്‍ശം സഭാരേഖകളില്‍ നിന്നും നീക്കി; പ്രധാനമന്ത്രിമാരുടെ പരാമര്‍ശം സഭാ രേഖകളില്‍ നിന്നും നീക്കുന്നത് അപൂര്‍വം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയില്‍ നടത്തിയ പ്രസംഗത്തില്‍ ഉപയോഗിച്ച ഒരു വാക്ക് രേഖകളില്‍ നിന്ന് ഒഴിവാക്കി. രാജ്യസഭയില്‍ പ്രതിപക്ഷത്തെ ലക്ഷ്യമിട്ട് എന്‍.പി.ആറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നടത്തിയ ‘ഝൂട്ട്’ പരാമര്‍ശമാണ് സഭാ രേഖകളില്‍ നിന്നും നീക്കം ചെയ്തത്. നുണ എന്ന അര്‍ത്ഥം വരുന്ന ‘ഝൂട്ട്’ എന്ന വാക്ക് നീക്കം ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇത് അനുസരിച്ചാണ് രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രയോഗം ഒഴിവാക്കിയത്. പാര്‍ലമെന്റ് രേഖകളില്‍ നിന്നും പ്രധാനമന്ത്രിയുടെ പരാമര്‍ശം നീക്കം ചെയ്യുന്നത് അസാധാരണവും അപൂര്‍വവുമാണ്. രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ ഒരു പരാമര്‍ശവും നീക്കിയിട്ടുണ്ട്.

2018ല്‍ പ്രധാനമന്ത്രി കോണ്‍ഗ്രസ് നേതാവ് ബി.കെ ഹരിപ്രസാദിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ നീക്കം ചെയ്തിരുന്നു. ഹരിപ്രസാദിന്റെ ബി.കെ എന്ന വിലാസത്തെ മറ്റുവാക്കുകള്‍ ഉപയോഗിച്ച് താരതമ്യം ചെയ്തത് ആക്ഷേപകരമാണെന്ന് കണ്ടെത്തിയിരുന്നു.

2013ല്‍ രാജ്യസഭയില്‍ രൂക്ഷമായ വാക്കേറ്റത്തിനിടെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങിന്റേയും ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയുടേയും പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്നും നീക്കിയിരുന്നു. അസഭ്യകരമായ പല പരാമര്‍ശങ്ങളും പാര്‍ലമെന്റ് വിലക്കിയിട്ടുണ്ട്. ഓരോ വര്‍ഷവും ഇത്തരത്തിലുള്ള വാക്കുകള്‍ പാര്‍ലമെന്റ് ലിസ്റ്റില്‍ ഇടം പിടിക്കാറുണ്ട്. പപ്പു, ബെഹ്നോയി (ഭാര്യാ സഹോദരന്‍), ദാമധ് (മരുമകന്‍) തുടങ്ങിയ പദങ്ങള്‍ ഈയിടെ അസഭ്യകരമായ പരാമര്‍ശമായി ലിസ്റ്റില്‍ ഇടം പിടിച്ചിരുന്നു.