പാതിരാവില്‍ ജെ.എന്‍.യുവില്‍ കയറിയ ഭീകരര്‍

വിശാല്‍ ആര്‍

വിദ്യാഭ്യാസത്തെയും രാജ്യത്തെ വിദ്യാര്‍ത്ഥികളുടെ പൗരാവകാശ ബോധത്തെയും ഭയപ്പെടുന്നവരാണ് പാതിരാവില്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ കയറി അതിക്രമം അഴിച്ചുവിട്ട മുഖംമൂടികള്‍. വിദ്യാര്‍ത്ഥികളില്‍ വളര്‍ന്നുവരുന്ന ജനാധിപത്യ മതേതര ബോധം ഈ ഇരുട്ടിന്റെ ശക്തികളെ വല്ലാതൊന്നുമല്ല വേവലാതിപ്പെടുത്തുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല സംഘ്പരിവാറിന്റെ എക്കാലത്തെയും വലിയ തലവേദന തന്നെയായിരുന്നു. ഭരണപാര്‍ട്ടിക്കാരുടെ ആക്രമണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണെന്നും ഒരു സ്ഥലവും സുരക്ഷിതമല്ലെന്നുമാണ് സംഭവം വിളിച്ചുപറയുന്നത്. ഇന്ത്യയുടെ ബഹുസ്വര സംസ്‌കാരത്തെ പരിപോഷിപ്പിക്കുന്നതിനും ശാസ്ത്ര ചിന്ത വളര്‍ത്തുന്നതിനും സാമൂഹ്യനീതിയുടെയും മതേതരത്തിന്റെയും ആശയങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമാണ് സര്‍വകലാശാല രൂപികരിക്കുന്നതെന്നായിരുന്നു സര്‍വകലാശാല സ്ഥാപിക്കുന്ന ഘട്ടത്തില്‍ വിശദീകരിക്കപ്പെട്ടത്. 1969 ല്‍ സര്‍വകലാശാല സ്ഥാപിക്കുന്നതിന് മുമ്പ് പാര്‍ലമെന്റിലെ ചര്‍ച്ചകളില്‍ ഉന്നയിക്കപ്പെട്ട ആശയങ്ങളും ഇവയായിരുന്നു. 1969 ലാണ് സര്‍വകലാശാല സ്ഥാപിക്കപ്പെട്ടത്. നയതന്ത്ര വിദ്യാഭ്യാസ വിദഗ്ധനായിരുന്ന ജി പാര്‍ത്ഥ സാരഥിയാണ് പ്രഥമ വൈസ് ചാന്‍സിലര്‍.

വിവിധ വൈജ്ഞാനിക മേഖലകളില്‍ രാജ്യത്തെ ഏറ്റവും മികച്ച അധ്യാപകരും വിദ്യാര്‍ത്ഥികളും പിന്നീട് ഈ സര്‍വകലാശാലയില്‍ നിന്നുണ്ടായി. ആണവ ശാസ്ത്രജ്ഞന്‍ പ്രൊഫ ബി.പി നാഗ് ചൗധരി, പിന്നീട് ഇന്ത്യയുടെ രാഷ്ട്രപതിയായ നയതന്ത്രജ്ഞന്‍കൂടിയായ കെ.ആര്‍ നാരായണന്‍, ശാസ്ത്രകാരന്മാരായിരുന്ന വൈ നായുഡാമ, പി.എന്‍ ശ്രീവസ്തവ തുടങ്ങി നിരവധി പ്രശ്‌സതര്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സിലര്‍മാരായി. അന്താരാഷ്ട്ര പ്രശസ്തരായ സാമ്പത്തികശാസ്ത്രകാരന്മാരും ചരിത്രകാരന്മാരും ശാസ്ത്രകാരന്മാരും ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമായി. ലോകം ശ്രദ്ധിച്ച ഇന്ത്യയിലെ പ്രധാന വിദ്യാഭ്യാസ കേന്ദ്രമായി ജെ.എന്‍.യു മാറി. ഏറ്റവും ഒടുവില്‍ സാമ്പത്തിക ശാസ്ത്രത്തിന് നോബെല്‍ സമ്മാനം ലഭിച്ച അഭിജിത് ബാനര്‍ജിയും ഇവിടുത്തെ വിദ്യാര്‍ത്ഥിയായിരുന്നു. ജെ.എന്‍.യുവില്‍ ബി.ജെ.പിയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എ.ബി.വി.പിക്ക് കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ നരേന്ദ്രമോദി അധികാരത്തില്‍ വന്നയുടന്‍ ജെ.എന്‍.യു പിടിച്ചടക്കാന്‍ ശ്രമങ്ങള്‍ നടത്തിപ്പോന്നു. പിന്നെ കൃത്യമായി ഇടവേളകളില്‍ വിവാദങ്ങളുണ്ടാക്കി സ്ഥാപനത്തെ വരുതിയില്‍നിര്‍ത്താനാണ് ഭരണകൂടം ശ്രമിച്ചത്.

പ്രൊഫസര്‍ സുധീര്‍ കുമാര്‍ സൊപ്രോയിയുടെ കാലവാധി തീര്‍ന്നതിനെ തുടര്‍ന്ന് ഡോ. എം ജഗദീഷ് കുമാര്‍ വൈസ് ചാന്‍സിലറായി നിയമിക്കപ്പെട്ടതോടെ ഇതിന് അനുകൂല സാഹചര്യങ്ങള്‍ തുടര്‍ച്ചയായി സൃഷ്ടിക്കപ്പെടുകയായിരുന്നു. സ്ഥാനമേറ്റെടുത്ത് ഒരാഴ്ചക്കുള്ളിലാണ് രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ വിളിച്ചുവെന്നാരോപിച്ചുള്ള വിവാദം ഉണ്ടാകുന്നത്. ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍, വിദ്യാര്‍ത്ഥി നേതാക്കളായ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടചാര്യ എന്നിവരെ അറസ്റ്റ് ചെയ്തു. ക്യാമ്പസിലും പുറത്തും വലിയ പ്രതിഷേധമാണ് ഇതുണ്ടാക്കിയത്. ആര്‍.എസ്.എസ് -ബി.ജെ.പി അംഗങ്ങള്‍ മര്‍ദ്ദിച്ചുവെന്ന് ആരോപിക്കപ്പെടുന്ന നജീബ് അഹമ്മദ് എന്ന വിദ്യാര്‍ത്ഥിയെ കാണാതായത് ഇതിന് ശേഷമാണ്. നജീബിനെ കുറിച്ച് ഒരു വിവരവും ഇതുവരെ ലഭിച്ചട്ടില്ല. തീരോധാനം അന്വേഷിക്കുന്നതില്‍ സര്‍വകലാശാല വേണ്ടത്ര ഉത്തരവാദിത്തം കാണിച്ചില്ലെന്ന ആരോപണവും നിലനില്‍ക്കുന്നു. സര്‍വകലാശാലയുടെ അതുവരെ പുലര്‍ത്തിപോന്ന രീതികള്‍ മാറ്റിമറിക്കുന്ന സമീപനാണ് ജഗദീഷ്‌കുമാര്‍ സ്വീകരിച്ചത്. ഇതിനെതിരെ പ്രതിഷേധവും ശക്തമായി. ജെ.എന്‍.യുവില്‍ ലൈംഗിക അരാജത്വമാണ് നടക്കുന്നതെന്ന് കേന്ദ്രമന്ത്രിമാര്‍ വരെ ആരോപിച്ചു.

ക്യാമ്പസിനുള്ളില്‍ പ്രതിഷേധങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. നിയമനങ്ങളിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്തി. ആര്‍.എസ്.എസ് അനുകൂലികളെ വ്യാപകമായി പല തസ്തികകളിലും നിയമിച്ചുവെന്ന് അധ്യാപകരും വിദ്യാര്‍ത്ഥികളും ആരോപിച്ചു. സര്‍വകലാശാലയിലെ ഫീസ് വര്‍ധിപ്പിച്ചതിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രക്ഷോഭമാണ് സമീപകാലത്ത് വിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്തത്. പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്ന നടപടികളാണ് വി.സിയുടെ ഭാഗത്തുനിന്നുണ്ടാകുന്നെതെന്ന ആരോപിച്ചായിരുന്നു സമരം. ഇതിനെതിരെ എ.ബി.വി.പിയും അണിനിരന്നു. ഇതേകാലത്താണ് രാജ്യത്ത് ശ്രദ്ധിക്കപ്പെടുന്ന വിദ്യാര്‍ത്ഥി നേതാക്കള്‍ ഇവിടെനിന്നുണ്ടായതെന്നാണ് വൈരുധ്യം. കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, ഷെഹ്‌ല റാഷിദ് ഇപ്പോഴത്തെ യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് എന്നിവര്‍ ഉദാഹരണം.

വിവാദങ്ങളില്‍നിന്ന് വിവാദത്തിലേക്ക് സര്‍വകലാശാലയെ നയിച്ച ഡോ. ജഗദീഷ് കുമാര്‍ ഡല്‍ഹി ഐ.ഐ.ടിയിലെ അധ്യാപകനായിരുന്നു. ഇലക്ട്രിക്ക് എഞ്ചിനിയറിങിലാണ് ഇദ്ദേഹം ഡോക്ടറേറ്റ് നേടിയത്. ആര്‍.എസ്.എസ് അനുകൂല സംഘടനയായ വിജ്ഞാന്‍ ഭാരതിയുടെ പ്രവര്‍ത്തകനാണ് ജഗദീഷ് കുമാറെന്നായിരുന്നു അദ്ദേഹം നിയമിക്കപ്പെടുമ്പോള്‍ ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന വാര്‍ത്ത. നേതാവാണെന്ന കാര്യം നിഷേധിച്ച ജഗദീഷ് വിജ്ഞാന്‍ ഭാരതി നല്ല പ്രവര്‍ത്തനം കാഴ്ചവെക്കുന്ന സംഘടനയാണെന്നായിരുന്നു പ്രതികരിച്ചത്. തെലങ്കാനയിലെ നാല്‍ഗൊണ്ട ജില്ലക്കാരനായ ജഗദീഷ് കുമാര്‍ ഐ.ഐ.ടി മദ്രാസില്‍നിന്നാണ് ബിരുദം എടുത്തത്. പിന്നീട് കാനഡയിലെ വാട്ടര്‍ലൂ സര്‍വകലാശാലയില്‍നിന്നും ഡോക്ടറേറ്റും കരസ്ഥമാക്കി. എല്ലാദിവസവും കരാട്ടെ അഭ്യസിക്കുന്ന ജിമ്മില്‍ പോകുന്ന ആളാണ് താനെന്നാണ് ജഗദീഷ് കുമാര്‍ തന്റെ ബ്ലോഗില്‍ വിശദീകിരിക്കുന്നത്. ക്യാമ്പസില്‍ അക്രമത്തിന് ഒത്താശ ചെയ്ത വി.സി രാജിവെക്കണം അല്ലെങ്കില്‍ സര്‍ക്കാര്‍ വിസിയെ പുറത്താക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. അക്രമത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ശക്തമായ പ്രതിഷേധമാണുയരുന്നത്.

SHARE