ജെ.എന്‍.യു; മുഖംമൂടി അണിഞ്ഞ യുവതി കോമള്‍ ശര്‍മ തന്നെ

ഡല്‍ഹി പൊലീസ് നോട്ടീസ് അയച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ മുഖംമൂടി അണിഞ്ഞെത്തി വിദ്യാര്‍ത്ഥികളെ ആക്രമിച്ച സംഘത്തില്‍ ഉണ്ടായിരുന്ന യുവതി എബിവിപി പ്രവര്‍ത്തക കോമള്‍ ശര്‍മ്മ തന്നെയെന്ന് ഡല്‍ഹി പൊലീസ്. ഇവര്‍ ഒളിവിലാണെന്നും പൊലീസ് പറയുന്നു.
ദൃശ്യങ്ങളിലുള്ളത് താനല്ലെന്നും മനഃപൂര്‍വ്വം കുരുക്കാന്‍ ശ്രമം നടക്കുകയാണെന്നും കാണിച്ച് കോമള്‍ ദേശീയ വനിതാ കമ്മീഷനെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍. ഓണ്‍ലൈന്‍ പോര്‍ട്ടലായ ദി വയര്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അക്രമവുമായി ബന്ധപ്പെട്ട് അക്ഷത് അവസ്തി, രോഹിത് ഷാ എന്നീ രണ്ട് എബിവിപി പ്രവര്‍ത്തകര്‍ക്കു കൂടി പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാല്‍ ഇവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആണെന്നും അവരെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചില്ലെന്നുമാണ്‌പൊലീസ് ഭാഷ്യം. അക്ഷത് അവസ്തിയും രോഹിത് ഷായും ഇന്ത്യ ടുഡേ ഒളി ക്യാമറ ഓപ്പറേഷനില്‍ കുടുങ്ങി തങ്ങള്‍ എബിവിപി പ്രവര്‍ത്തകരാണെന്നും അക്രമത്തില്‍ പങ്കെടുത്തിരുന്നു എന്നും വെളിപ്പെടുത്തിയിരുന്നു. ദൗലത്ത് റാം കോളജിലെ ബിരുദ വിദ്യാര്‍ത്ഥിനിയാണ് കോമള്‍ ശര്‍മ്മ. വാര്‍ത്ത പുറത്ത് വന്ന ശേഷം കോമള്‍ ശര്‍മ്മയുടെ ഫോണ്‍ സ്വിച്ചോഫ് ആകുകയായിരുന്നു.
ജനുവരി അഞ്ചിന് ജെഎന്‍യു കാമ്പസിലുണ്ടായ ആക്രമണത്തിന്റെ വൈറലായ ദൃശ്യങ്ങളില്‍ ചെക്ക് ഷര്‍ട്ട് ധരിച്ച് ഇളം നീല നിറത്തിലുള്ള സ്‌കാര്‍ഫു കൊണ്ട് മുഖം മറച്ച് വടികളുമായി ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളെ ആക്രമിച്ച പെണ്‍കുട്ടി ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥിനി കോമള്‍ ശര്‍മ്മയാണെന്ന് സ്ഥിരീകരിച്ചത് ഡല്‍ഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമായിരുന്നു.

SHARE