വൈസ് ചാന്‍സലറുടെ വിദ്യാര്‍ത്ഥി വിരുദ്ധ സമീപനം : സമരുവുമായി വീണ്ടും ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍

 

ന്യൂഡല്‍ഹി: ജെ.എന്‍.യു വൈസ് ചാന്‍സലര്‍ തുടര്‍ന്നു പോരുന്ന വിദ്യാര്‍ത്ഥി വിരുദ്ധ സമീപനങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിലേക്ക് മാര്‍ച്ച് നടത്തി. മണ്ടി ഹൗസ് മെട്രോ സ്‌റ്റേഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് രാജേന്ദ്രപ്രസാദ് റോഡില്‍ വച്ച് പോലിസ് തടഞ്ഞു. ജെ.എന്‍.യു വിദ്യാര്‍ത്ഥി യുനിയന്റെ നേതൃത്തത്തിലായിരുന്നു മാര്‍ച്ച്.

വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാറിനെതിരെ വിദ്യാര്‍ത്ഥികള്‍ ദിവസങ്ങളായി സമരത്തിലാണ്. ഗവേഷണ സീറ്റ് വെട്ടിക്കുറച്ചു, നജീബിനെ അക്രമിച്ച എബിവിപി പ്രവര്‍ത്തകരെ സംരക്ഷിക്കുന്നു, അധ്യാപക-അനധ്യാപക നിയമനങ്ങളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരെ തിരുകി കയറ്റുന്നു, ജെന്‍ഡര്‍ സന്‍െസിറ്റേഷന്‍ കമ്മറ്റി പിരിച്ചു വിട്ടു, പെണ്‍കുട്ടികള്‍ക്കുള്ള പ്രവേശന പരീക്ഷകളില്‍ നല്‍കിയിരുന്ന അധിക മാര്‍ക്ക് നിര്‍ത്തലാക്കി, നിര്‍ബന്ധിത ഹാജര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നു തുടങ്ങിയവയാണ് വിദ്യാര്‍ത്ഥികള്‍ വിസിക്കെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങള്‍.

അക്കാദമിക പ്രവര്‍ത്തനങ്ങളെ ചര്‍ച്ച നടത്താനോ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനോ വൈസ് ചാന്‍സലര്‍ തയ്യാറാവില്ലന്ന് വിദ്യാര്‍ത്ഥി യുണിയന്‍ നേതാവ് ഗീതാകുമാരി പറഞ്ഞു. സര്‍വ്വകലാശാലയില്‍ വൈസ് ചാന്‍സലര്‍ അക്കാദമിക കൗണ്‍സിലിനെ പോലും മറികടന്ന് സ്വയം തീരുമാനങ്ങള്‍ സ്വീകരിക്കുകയാണന്ന് ജെ.എന്‍. യു ടീച്ചേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചിരുന്നു. ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കടക്കം ഹാജര്‍ നിര്‍ബന്ധമാക്കിയുള്ള വിസിയുടെ വിജ്ഞാപനം അക്കാദമിക കൗണ്‍സില്‍ അംഗീകാരം ലഭിക്കാതെയാണന്ന് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചൂണ്ടിക്കാട്ടുന്നു.. എന്നാല്‍ തീരുമാനങ്ങള്‍ അക്കാദമിക കൗണ്‍സില്‍ പാസ്‌സാക്കിയതാണന്നും ദിനേന ഹാജര്‍ രേഖപ്പെടുത്താത്ത വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് വെട്ടിക്കുറക്കുന്നതടക്കം നടപടി സ്വീകരിക്കുമെന്നും വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാര്‍ അറിയിച്ചു. .

SHARE