ജെ.എന്‍.യുവില്‍ പ്രതിഷേധം ആളിക്കത്തുന്നു; വിദ്യാര്‍ഥികള്‍ക്കുനേരെ ജലപീരങ്കി പ്രയോഗം

ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ കേന്ദ്രസേനയെ അടക്കം വിന്യസിച്ചിരിക്കുകയാണ്. ഒഴിഞ്ഞുപോകില്ലെന്നാണ് വിദ്യാര്‍ഥികളുടെ നിലപാട്. വിസിയുമായി സംസാരിക്കണമെന്നാണ് പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളുടെ ആവശ്യം. ജെഎന്‍യു ഗേറ്റിലാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത്. വിസി തങ്ങളുമായി കൂടിക്കാഴ്ച നടത്താന്‍ തയ്യാറാകുന്നില്ലെന്ന് ജെഎന്‍യു യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. ഫീസ് വര്‍ധനവിനെതിരെയാണ് ജെഎന്‍യുവില്‍ വന്‍ വിദ്യാര്‍ഥി പ്രക്ഷോഭം നടക്കുന്നത്.

പൊലീസും വിദ്യാര്‍ഥികളും ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടായി. ഓരോ മണിക്കൂര്‍ കഴിയുംതോറും പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുകയാണ്. ബലംപ്രയോഗിച്ച് വിദ്യാര്‍ഥികളെ നീക്കാനാണ് പൊലീസ് ശ്രമം. സമരം ചെയ്യുന്ന പെണ്‍കുട്ടികളെ പുരുഷ പൊലീസ് ഉദ്യോഗസ്ഥര്‍ ബലംപ്രയോഗിച്ചു നീക്കുന്നതായും ആരോപണമുണ്ട്.

പ്രതിഷേധ പ്രകടനവുമായി വിദ്യാര്‍ത്ഥികള്‍ ഡല്‍ഹിയിലെ തെരുവിലേക്ക് ഇറങ്ങി. ഫീസ് വര്‍ധവനും യൂണിവേഴ്‌സിറ്റിയുടെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകളുമാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു മുഖ്യാതിഥിയായിട്ടുള്ള കോണ്‍വോക്കേഷന്‍ പരിപാടി ബഹിഷ്‌കരിച്ചാണ് വിദ്യാര്‍ഥികളുടെ പ്രതിഷേധം.

SHARE