ജോഫ്രാ ആര്‍ച്ചര്‍ക്കെതിരായ വംശീയ അധിക്ഷേപം; മാപ്പു ചോദിച്ച് ന്യൂസിലാന്റ് ക്രിക്കറ്റ് ബോര്‍ഡ്

ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജോഫ്രാ ആര്‍ച്ചറക്ക് നേരിടേണ്ടി വന്ന വംശീയ അധിക്ഷേപത്തില്‍ മാപ്പു ചോദിച്ച് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ്. ന്യൂസിലന്‍ഡ് ക്രിക്കറ്റ് ചീഫ് ഡേവിഡ് വൈറ്റ് ആര്‍ച്ചര്‍ താമസിക്കുന്ന ഹോട്ടലില്‍ നേരിട്ടെത്തിയാണ് മാപ്പു ചേദിച്ചത്. കിവീസ് നായകന്‍ കെയ്ന്‍ വില്യംസണും താരത്തോട് മാപ്പു ചോദിച്ചിരുന്നു. ഇംഗ്ലണ്ടിന്റെ ന്യൂസിലന്‍ഡ് പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തിനിടയിലാണ് ക്രിക്കറ്റ് ലോകത്തിനാകെ നാണക്കേടുണ്ടാക്കിയ സംഭവം നടന്നത്. മത്സരത്തിനിടെ കാണികളിലൊരാള്‍ തന്നെ വംശീയമായി അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടി ആര്‍ച്ചര്‍ രംഗത്തെത്തുകയായിരുന്നു.

‘എന്റെ ടീമിനെ പരാജയത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കാണികളില്‍ ഒരാളില്‍ നിന്ന് വംശീയാധിക്ഷേപമുണ്ടായത് വേദനിപ്പിക്കുന്നു. അയാള്‍ ഒഴികെയുള്ള കാണികള്‍ അതിശയപ്പെടുത്തി. എപ്പോഴത്തെയും പോലെ ബാര്‍മി ആര്‍മി മികച്ചുനിന്നു’ ഇതായിരുന്നു ആര്‍ച്ചറുടെ ട്വീറ്റ്. നേരിട്ടെത്തി മാപ്പ് പറഞ്ഞതിന് പിന്നാലെ ട്വിറ്ററിലൂടെയും ന്യൂസിലന്‍ഡ് ക്രിക്കറ്റ് തങ്ങളുടെ ഭാഗം വ്യക്തമാക്കിയിരുന്നു. ജോഫ്രാ ആര്‍ച്ചറിനെതിരെ ഉയര്‍ന്ന വംശിയാധിക്ഷേപത്തെ ഞെട്ടലോടെയും നിരാശയോടെയുമാണ് കാണുന്നതെന്ന് ന്യൂസിലാന്റ് ക്രിക്കറ്റ് ബോര്‍ഡ് അഭിപ്രായപ്പെട്ടു.

SHARE