പൗരത്വ ഭേദഗതി നിയമം; സംയുക്ത പ്രക്ഷോഭത്തിലേക്ക് കേരളം

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും സംയുക്ത പ്രക്ഷോഭത്തിലേക്ക്.
മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മില്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് സംയുക്ത പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ മുസ്‌ലിം ലീഗ് നല്‍കിയ കേസില്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ സുപ്രിംകോടതിയില്‍ കക്ഷിചേരുമെന്നും കേരള സര്‍ക്കാരുമായി യോജിച്ച് പ്രക്ഷോഭം നടത്തുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു. സമാനചിന്താഗതിക്കാരായ എല്ലാവരെയും അണിനിരത്തി വര്‍ഗീയ ബില്ലിനെതിരെ നിയമപരമായി പോരാടുമെന്നും ചെന്നിത്തല പറഞ്ഞു. സാധ്യമായ എല്ലാ വേദികളിലും പൗരത്വബില്ലിനെതിരെ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിന്റെ ആദ്യപടിയെന്നോണം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും കക്ഷിനേതാക്കളും ഡിസംബര്‍ 16ന് തിരുവനന്തപുരത്ത് രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ രാവിലെ 10 മണിക്ക് സത്യഗ്രഹ സമരം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയുടെയും മതനിരപേക്ഷതയുടെയും മൂല്യങ്ങളെ കശാപ്പു ചെയ്യുന്ന പൗരത്വ ഭേദഗതി നിയമം ജനങ്ങളില്‍ കടുത്ത ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് കേരളം ഒറ്റക്കെട്ടായി പ്രതികരണത്തിലേക്ക് നീങ്ങുന്നത്. സാംസ്‌കാരികകലാസാഹിത്യ മേഖലകളിലെ പ്രമുഖര്‍ ഉള്‍പ്പെടെ സത്യഗ്രഹത്തെ അഭിസംബോധന ചെയ്യും. ജനാധിപത്യ സംരക്ഷണത്തിനായി വിവിധ രാഷ്ട്രീയ പാര്‍ടികളിലും സംഘടനകളിലും പെട്ടവര്‍ അഭിവാദ്യം അര്‍പ്പിക്കും. നവോത്ഥാന സമിതിയുടെ പ്രവര്‍ത്തകരും സമരത്തില്‍ പങ്കാളികളാകും.

പാര്‍ലമെന്റിന്റെ ഇരു സഭകളിലും സംഘപരിവാര്‍ അജണ്ടയ്ക്കു വിധേയമായി എന്‍ഡിഎ സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭത്തിനും ജനരോഷത്തിനും കാരണമായിരിക്കുകയാണ്. മതത്തിന്റെ പേരില്‍ പൗരന്മാരെ വേര്‍തിരിച്ച് വ്യത്യസ്ത തട്ടുകളിലാക്കുകയാണ്. ജനങ്ങള്‍ക്കിടയില്‍ വലിയതോതില്‍ ആശങ്ക പടരുന്നു. ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും നടപ്പാക്കാനാവാത്തതാണെന്നും കേരളം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ നിലനില്‍പ്പിന് ഭരണഘടനയും അതിന്റെ മൂല്യങ്ങളും സംരക്ഷിക്കപ്പെടണം. അതിനായുള്ള കേരളത്തിന്റെ ഒറ്റക്കെട്ടായ ശബ്ദമാണ് യോജിച്ച പ്രക്ഷോഭവേദിയില്‍ ഉയരുക.

പൗരത്വ ഭേദഗതി ബില്ലിനെതിരെ ആദ്യം ഹര്‍ജി നല്‍കിയത് മുസ്‌ലിം ലീഗാണ്. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവര്‍ നേരിട്ടെത്തിയാണ് കഴിഞ്ഞ ദിവസം ഹര്‍ജി നല്‍കിയത്. ബില്ല് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെന്ന് ഹരജിയില്‍ പറയുന്നു. നീതി പ്രതീക്ഷിക്കുന്നുവെന്നും ശക്തമായ പോരാട്ടം എല്ലാവരുടേയും ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.