കോഴിക്കോട്: പെണ്‍കുട്ടികളെ തനിക്ക് വെറുപ്പായിരുന്നുവെന്ന് കൂടത്തായി കൊലപാതക പരമ്പരയില്‍ അറസ്റ്റിലായ ജോളി. ചോദ്യം ചെയ്യലിനിടെ ജോളി പോലീസിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ടിലേറെ തവണ ജോളി ഗര്‍ഭഛിദ്രം നടത്തിയിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. വളരെ സങ്കീര്‍ണമായ ജീവിതം നയിച്ച ഒരാളായിരുന്നു ജോളിയെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം.

ഗര്‍ഭഛിദ്രം നടത്തിയതിനു പിന്നിലുള്ള കാരണം പോലീസ് അന്വേഷിച്ചുവരികയാണ്. പെണ്‍കുട്ടികളെ വെറുപ്പായിരുന്നുവെന്ന ജോളിയുടെ വെളിപ്പെടുത്തലും കൂട്ടിച്ചേര്‍ത്താണ് അന്വേഷണം. ഗര്‍ഭഛിദ്രം നടത്തിയ ക്ലിനിക്ക് സംഘം കണ്ടെത്തി. ഇവിടെ നിന്നായിരിക്കും അന്വേഷണം ആരംഭിക്കുന്നത്.

ആദ്യഭര്‍ത്താവ് റോയി തോമസിന്റെ സഹോദരി റെഞ്ചിയുടെ മകളെ ജോളി കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചു. റെഞ്ചിയുടെ മകള്‍ക്ക് അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സ തേടിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.