ഗൗരി ലങ്കേഷ് വധത്തിനു പിന്നില്‍ കര്‍ബുര്‍ഗി കൊലക്കു പിന്നിലെ പ്രതികളെന്ന് സംശയം: ഒരാള്‍കൂടി അറസ്റ്റില്‍

ബെംഗളൂരു: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസുമായി ബന്ധപ്പെട്ട് ഒരാളെകൂടി അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. കേസിലെ ഒന്നാം പ്രതി നവീന്‍കുമാറിനെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സെപ്ഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീം ഒരു പ്രതിയെ കൂടി പിടികൂടിയത്. അതേസമയം ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികള്‍ക്ക് കന്നഡ സാഹിത്യകാരന്‍ ഡോ. എം.എം കര്‍ബുര്‍ഗിയുടെ കൊലപാതകത്തിലും പങ്കുള്ളതായാണ് അന്വേഷണ സംഘത്തിന്റെ സംശയം. പ്രതിയുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടില്ല.

കഴിഞ്ഞ മാര്‍ച്ചിലാണ് ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് ചിക്കമംഗളൂരു സ്വദേശി നവീന്‍ കുമാറിനെ പിടികൂടിയത്. കേസിലെ ആദ്യ അറസ്റ്റായിരുന്നു ഇത്. കേസിന്റെ ഭാഗമായി ഇയാളെ നുണപരിശോധനയ്ക്കായി കൊണ്ടുപോയെങ്കിലും അവസാനം നിമിഷം അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിച്ച് കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷണ സംഘത്തിന് പങ്കുവെക്കുകയായിരുന്നു. തുടര്‍ന്ന് മൂന്നു പേരെ പൊലീസ് ചോദ്യം ചെയ്യുകയും ഇതില്‍ ഒരാളെ അറസ്റ്റു ചെയ്യുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം പ്രതികള്‍ക്ക് ഡോ. എം.എം. കല്‍ബുര്‍ഗിയുടെ കൊലപാതകവുമായി ബന്ധമുണ്ട് എന്നാണ് അന്വേഷണസംഘത്തിന്റെ സംശയം.ഇതു പരിശോധിച്ചു വരികയാണ്. കന്നഡ പുരോഗമന സാഹിത്യകാരന്‍ എം.എം. കല്‍ബുര്‍ഗി 2015 ഓഗസ്റ്റ് 30ന് ധാര്‍വാഡ് കല്യാണ്‍ നഗറിലെ വീട്ടില്‍ പ്രഭാതഭക്ഷണത്തിനിടെ ബൈക്കിലെത്തിയ രണ്ടംഗസംഘം അദ്ദേഹത്തെ വെടിവെച്ചുകൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ അഞ്ചിന് ഗൗരി ലങ്കേഷ് അവരുടെ വസതിയില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.