‘പ്രതികരിച്ചതിന് അവസരങ്ങള്‍ നഷ്ടപ്പെട്ടു’; നടിയെ ആക്രമിച്ച സംഭവത്തില്‍ തുറന്നടിച്ച് ജോയ് മാത്യു

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിച്ചതിന് സിനിമയില്‍ അവസരം നഷ്ടമായതായി തുറന്നടിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. നീക്കങ്ങളൊന്നും നേരിട്ടല്ല നടക്കുന്നത്, അവയെല്ലാം ഉള്ളിലൂടെയാണെന്നും ഓരോ വിഷയത്തിലും പ്രതികരിക്കുന്നതില്‍ പലര്‍ക്കും നീരസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു പടം ബുക്ക് ചെയ്തിട്ട് പിന്നീട് അതിന്റെ വിളിയൊന്നും ഉണ്ടായില്ല. പിന്നീടാണ് കാരണം മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു.

താരസംഘടനയായ അമ്മയുടെ ബൈലോയില്‍ കാലോചിതമായ മാറ്റം വരുത്തേണ്ടതുണ്ട്. 25 വര്‍ഷം മുമ്പുള്ള ബൈലോയാണ് ഇപ്പോഴും പിന്തുടര്‍ന്ന് പോരുന്നത്. ഇതിനു മാറ്റം വരേണ്ടതുണ്ട്. സംഘടനയില്‍ പ്രശ്‌നമുണ്ടായാല്‍ സംഘടനയില്‍ ഇരുന്നുകൊണ്ടു തന്നെ അതു ശരിയാക്കുകയാണ് വേണ്ടത്. ഒരു സംഘടനയെ തകര്‍ക്കാന്‍ എളുപ്പമാണ്. എന്നാല്‍ അതിനെ കെട്ടി ഉയര്‍ത്താന്‍ ഏറെ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.