‘വിയോജിപ്പിനെ ദേശവിരുദ്ധമായി കണക്കാക്കുന്നത് ആശങ്കപ്പെടുത്തുന്നു’; ജസ്റ്റിസ് ദീപക് ഗുപ്ത

ന്യൂഡല്‍ഹി: സര്‍ക്കാരിനെതിരെ പരോക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി ജസ്റ്റിസ് ദീപക് ഗുപ്ത. നിങ്ങള്‍ വിരുദ്ധമായ വീക്ഷണം പുലര്‍ത്തുന്നുവെങ്കില്‍ നിങ്ങള്‍ ദേശവിരുദ്ധനാണെന്നോ രാജ്യത്തോട് അനാദരവ് കാണിക്കുന്നതായോ അര്‍ത്ഥമില്ലെന്ന് ജസ്റ്റിസ് ഗുപ്ത പറഞ്ഞു. സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമീപകാലത്ത് വിമത ശബ്ദം ഉയര്‍ത്തുന്നവരെ രാജ്യദ്രോഹികള്‍ എന്ന് മുദ്രകുത്തുന്ന പ്രവണത ഉണ്ട്. ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് 51 ശതമാനം ലഭിച്ചാല്‍, അതിന്റെ അര്‍ത്ഥം 49 ശതമാനം അഞ്ച് വര്‍ഷത്തേക്ക് മൗനം പാലിക്കണം എന്നാണോ ?നിങ്ങള്‍ വിരുദ്ധമായ വീക്ഷണം പുലര്‍ത്തുന്നുവെങ്കില്‍ നിങ്ങള്‍ ദേശവിരുദ്ധനാണെന്നോ രാജ്യത്തോട് അനാദരവ് കാണിക്കുന്നതായോ അര്‍ത്ഥമില്ല. നിങ്ങള്‍ക്ക് സര്‍ക്കാരുമായി വിയോജിപ്പുണ്ടാകാം, എന്നാല്‍ രോജ്യത്തിനെതിരെ പോകരുത്. രാജ്യവും സര്‍ക്കാരും തമ്മില്‍ വ്യത്യാസമുണ്ടെന്നും ജസ്റ്റിസ് ഗുപ്ത പറഞ്ഞു. ശക്തമായ ജനാധിപത്യത്തിന് നിര്‍ഭയമായ ഒരു ജുഡീഷ്യറി പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എക്‌സിക്യൂട്ടീവിനും ജുഡീഷ്യറിക്കും ബ്യൂറോക്രസിക്കും സായുധസേനയ്ക്കും എതിരേയുള്ളവിമര്‍ശനങ്ങളെ ഒരിക്കലും രാജ്യദ്രോഹമായി കാണാന്‍ സാധിക്കില്ലെന്ന് നേരത്തെ ദീപക് ഗുപ്ത പറഞ്ഞിരുന്നു. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളെ നമ്മള്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ നമ്മുടേത് ജനാധിപത്യരാജ്യത്തിനു പകരം പോലീസ് രാജാവും.

ഭരണഘടനയില്‍ അധികം പറഞ്ഞിട്ടില്ലാത്ത ഒരു അവകാശം കൂടി എന്നെ സംബന്ധിച്ചുണ്ട്. അഭിപ്രായം പറയാനും മനസ്സാക്ഷിക്കുനിരക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യത്തിനു പുറമെ ഏറ്റവും മുഖ്യമായ ഒന്നുണ്ട്, അത് വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണ്. ഓരോ സമൂഹത്തിനും അവരുടേതായ നിയമങ്ങളുണ്ട്. ജനം കാലപ്പഴക്കമുള്ള നിയമങ്ങളിലും സമ്പ്രദായങ്ങളിലും കടിച്ചുതൂങ്ങുമ്പോള്‍ സമൂഹം ക്ഷയിക്കുകയാണ്. അത് പിന്നെ വികസിക്കുന്നില്ല.

പുതിയ ചിന്തകര്‍ ഉദയം കൊള്ളുന്നത് സമൂഹത്തിന്റെ വളരെ സ്വീകാര്യമായ പെരുമാറ്റച്ചട്ടങ്ങളോട് വിയോജിക്കുമ്പോഴാണ്. എല്ലാവരും നടക്കുന്ന വഴിയാണ് നാം പിന്തുടരുന്നതെങ്കില്‍ പുതിയ പാതകള്‍ ഒരിക്കലും സൃഷ്ടിക്കപ്പെടില്ല. മനസ്സിന്റെ പുതിയ വാതായനങ്ങള്‍ വികസിക്കുകയുമില്ല. പുതിയ ചിന്തകളും മതാചാരങ്ങളുമെല്ലാം വികസിക്കുന്നത് പഴയതിനെ ചോദ്യം ചെയ്യുമ്പോള്‍ മാത്രമാണ്.’

അതിനാല്‍ തന്നെ അഭിവാഞ്ഛകള്‍ ഉപേക്ഷിക്കരുത്. എന്തുകൊണ്ട് ഈ വിശ്വാസം, എന്തു കൊണ്ട് പുതിയതൊന്നും ഉണ്ടാവുന്നില്ല എന്ന് എല്ലായ്‌പ്പോഴും ചോദിച്ചുകൊണ്ടിരിക്കണം. അപ്പോഴേ സമൂഹം വികസിക്കൂവെന്നും ജസ്റ്റിസ് ഗുപ്ത കൂട്ടിച്ചേര്‍ത്തു.

‘അധികാരത്തിലുള്ള സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള എല്ലാവിധ അവകാശവും നമുക്കുണ്ട്. അത് ഏത് സര്‍ക്കാരുമായിക്കൊള്ളട്ടെ’, രാജ്യദ്രോഹകുറ്റത്തിന്റെ ദുരുപയോഗം സ്വാതന്ത്ര്യസമരസേനാനികള്‍ നമുക്ക് നേടിത്തന്ന അടിസ്ഥനതത്വത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ജുഡീഷ്യറിയും വിമര്‍ശനത്തിന് അതീതമല്ലെന്നും താന്‍ സുപ്രീം കോടതി ജഡ്ജിയെന്ന നിലയിലല്ല ഈ അഭിപ്രായങ്ങള്‍ പറയുന്നതെന്നും അഭിപ്രായങ്ങളെല്ലാം വ്യക്തിപരമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.