പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരെ സഹായിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്ന് ജസ്റ്റിസ് കമാല്‍പാഷ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ജസ്റ്റിസ് കെമാല്‍ പാഷ. ഒരു മുസ്ലീം സംഘടനകളുമായി തനിക്ക് ബന്ധമില്ലെന്നും പൗരത്വ നിയമത്തെ അനുകൂലിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്ന് സംശയിക്കുന്നതായും കെമാല്‍ പാഷ പറഞ്ഞു. ഇരുന്ന കസേരയുടെ മഹത്വം കാണിക്കുന്നത് കൊണ്ടാണ് എല്ലാം തുറന്ന് പറയാത്തതെന്നും കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു. മുന്‍ ന്യായാധിപന്‍ ജമാഅത്തെ ഇസ്ലാമിയുടെ നാവായി മാറുകയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ചര്‍ച്ചയായതോടെയാണ് മറുപടിയുമായി കെമാല്‍ പാഷ രംഗത്തെത്തിയത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് ഒപ്പമാണെന്ന് പറയുകയും നിയമത്തെ അനുകൂലിക്കുന്നവരെ സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ആഭ്യന്തര വകുപ്പിനെ വിമര്‍ശിക്കുന്നതാകാം മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് കാരണം എന്നും ജസ്റ്റിസ് കെമാല്‍ പാഷ ആരോപിച്ചു.

പേരെടുത്ത് പറയാതെ ആയിരുന്നു മുഖമന്ത്രിയുടെ വിമര്‍ശനം. ജമാ അത്തെ ഇസ്ലാമിയുടെ നാവായി ഒരു ന്യായാധിപന്‍ മാറിയെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. ജമാ അത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും കുറിച്ച് പറയുമ്പോള്‍ പഴയ ന്യായാധിപന് എന്തിനാണ് ഇത്ര പൊള്ളലെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ചോദിച്ചത്. ഇരുന്ന സ്ഥാനത്തിന്റെ വലിപ്പം അറിയാതെയാണ് ന്യായാധിപന്റെ പെരുമാറ്റമെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നയത്തെകുറിച്ചു തെറ്റിധാരണ പരത്തി. താന്‍ പറയാത്ത വാക്കുകള്‍ തന്റെ നാവില്‍ വയ്ക്കാന്‍ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.