എംപിയായത് തന്റെ വിധികള്‍ക്കുള്ള പ്രതിഫലമെന്ന് പറയുന്നവര്‍ രാജ്യത്തിന്റെ ശത്രുക്കളെന്ന് രഞ്ജന്‍ ഗൊഗോയ്

ന്യൂഡല്‍ഹി: രാജ്യസഭാ എംപി സ്ഥാനം ലഭിച്ചത് ചീഫ് ജസ്റ്റിസായിരിക്കുമ്പോള്‍ നടത്തിയ വിധി പ്രസ്താവങ്ങളുടെ പ്രതിഫലമായാണ് എന്ന് പറയുന്നവര്‍ രാജ്യത്തിന്റെ ശത്രുക്കളാണെന്നാണ് സുപ്രീംകോടതി മുന്‍ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ശനിയാഴ്ച ടൈംസ് നൗ ചാനലിലെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എംപി സ്ഥാനം ലഭിച്ചതിനു നേരെ വിമര്‍ശനം ശക്തമായിരുന്നു. തുടര്‍ന്നാണ് പ്രതികരണമുണ്ടാവുന്നത്. വിരമിച്ചതിന് ശേഷം രാജ്യസഭാ എംപിയായി തെരഞ്ഞെടുക്കപ്പെട്ടത് തൊഴിലായിട്ടല്ല സേവനമായിട്ടാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ചീഫ് ജസ്റ്റിസായി വിരമിച്ചതിന് ശേഷം രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത് ഒരു തൊഴിലാണെന്ന് കരുതുന്നുണ്ടോ? ഇത് ശരിയല്ല. എവിടെ നിന്നാണ് ഈ ചിന്തയൊക്കെ വരുന്നത്. വര്‍ഷത്തിലെ 365 ദിവസത്തില്‍ നിങ്ങള്‍ ഒരു സെഷനില്‍ പങ്കെടുക്കുന്നത് 60 ദിവസം മാത്രമാണ്. നിങ്ങളുടെ ശമ്പളം വിരമിച്ച ഒരു ചീഫ് ജസ്റ്റിസിന് ലഭിക്കുന്നതിനേക്കാള്‍ കുറവോ അല്ലെങ്കില്‍ തുല്യമോ ആയിരിക്കും. എന്നിട്ടും നിങ്ങള്‍ പറയുന്നു അതൊരു ജോലിയാണ്. അതും ഞാന്‍ പുറപ്പെടുവിച്ച വിധികള്‍ക്കുള്ള പ്രതിഫലമാണ് എന്നൊക്കെ.’രാജ്യത്തിന്റെ ശത്രുക്കള്‍ക്ക് മാത്രമെ ഇത്തരത്തില്‍ ചിന്തിക്കാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രഞ്ജന്‍ ഗൊഗോയിയെ തിങ്കളാഴ്ചയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തത്. തുടര്‍ന്ന് അയോധ്യ കേസിലുള്‍പ്പെടെ ഗൊഗോയ് നടത്തിയ വിധിയുടെ പ്രതിഫലമാണ് എംപി സ്ഥാനമെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.