ധനസഹായം നിഷേധിച്ച ആദ്യ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറി; കെ.മുരളീധരന്‍ എം.പി


മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് കെ മുരളീധരന്‍ എംപി. ധനസഹായം നിഷേധിച്ച ആദ്യ മുഖ്യമന്ത്രിയായി കേരളത്തിന്റെ പിണറായി വിജയന്‍ മാറിയെന്ന് അദ്ദേഹം പറഞ്ഞു. ഇനി അദ്ദേഹത്തെ ഒരു വര്‍ഷം കൂടി സഹിച്ചാല്‍ മതിയെന്നും കേരളം കണ്ടതില്‍ വച്ച് ഏറ്റവും ധിക്കാരിയായ മുഖ്യമന്ത്രിയായിരിക്കുകയാണ് പിണറായിയെന്നും കെ മുരളീധരന്‍. പ്രതിപക്ഷത്ത് ഇരിക്കുന്നവരെ ആക്ഷേപിക്കാനും കുറ്റപ്പെടുത്താനുമുള്ള വേദിയായാണ് മുഖ്യമന്ത്രി വൈകുന്നേര വാര്‍ത്താ സമ്മേളനത്തെ കാണുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറയുന്ന പലതും തെറ്റാണെന്നുള്ളത് ഇപ്പോള്‍ തെളിഞ്ഞുവരുന്നുണ്ടെന്നും മുരളീധരന്‍. കോഴിക്കോട്ട് വച്ചാണ് മുരളീധരന്‍ ഇക്കാര്യം പറഞ്ഞത്.

താന്‍ മുഖ്യമന്ത്രിയേക്കാള്‍ മുകളിലാണ് എന്ന രീതിയിലാണ് ചില ജില്ലാ കളക്ടര്‍മാരുടെ നിലപാടെന്നും തിരുവനന്തപുരത്തെ ജില്ലാ കളക്ടര്‍ കാണാന്‍ വിസമ്മതിച്ചത് ഇക്കാരണത്താലാണെന്നും മുരളീധരന്‍ ആരോപിച്ചു. കോണ്‍ഗ്രസുകാര്‍ സഹായവുമായി വന്നാല്‍ വാങ്ങേണ്ടെന്ന് നിര്‍ദേശം കിട്ടിയതിനാലാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് യാത്രാചെലവ് നല്‍കിയപ്പോള്‍ കളക്ടര്‍മാര്‍ നിരസിച്ചതെന്നും കെ മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോണ്‍ഗ്രസ് ഒരു രൂപ പോലും കൊടുക്കില്ലെന്നും കോണ്‍ഗ്രസുകാരെ കൊന്നവരെ രക്ഷിക്കാന്‍ ഏര്‍പ്പാടാക്കുന്ന അഭിഭാഷകര്‍ക്ക് നല്‍കാനാണ് ഈ പണം ഉപയോഗിക്കുന്നതെന്നും കെ മുരളീധരന്‍ ആരോപണം ഉന്നയിച്ചു.

SHARE