മദ്യശാലകള്‍ തുറക്കാമെങ്കില്‍ ആരാധനാലയങ്ങളും തുറക്കണം; : കെ. മുരളീധരന്‍


കോഴിക്കോട്: മദ്യശാലകള്‍ തുറന്ന നടപടിയെ രൂക്ഷമായി എതിര്‍ത്ത് കെ മുരളീധരന്‍ എം പി. മദ്യപാനികളുടെ കാര്യത്തില്‍ കാണിക്കുന്ന താല്‍പര്യം വിശ്വാസികളുടെ കാര്യത്തിലും വേണം. മദ്യം വാങ്ങാനുള്ള വിര്‍ച്വല്‍ ക്യൂ സംവിധാനം ആരാധനാലയങ്ങളിലും നടപ്പാക്കാന്‍ കഴിയണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു.

മദ്യശാലകള്‍ തുറക്കാമെങ്കില്‍ ആരാധനാലയങ്ങളും തുറക്കണം. മദ്യം ലഭിക്കാത്തവര്‍ പരിഭ്രാന്തരാകുന്നുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ആരാധനാലയങ്ങളില്‍ പോകാത്തവര്‍ അനുഭവിക്കുന്ന മനഃപ്രയാസം എന്തുകൊണ്ട് മനസ്സിലാക്കുന്നില്ലെന്ന് കെ മുരളീധരന്‍ ചോദിച്ചു. എല്ലാ മാസവും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോകുന്ന താന്‍ മൂന്ന് മാസമായി പോകാറില്ല. അതിന്റെ വിഷമതകള്‍ തനിക്കുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

ഇപ്പോഴുയരുന്ന ആപ്പ് വിവാദം സര്‍ക്കാറിനെ ആപ്പിലാക്കുമെന്നും കെ മുരളീധരന്‍. മദ്യശാലകള്‍ തുറന്ന വിഷയത്തില്‍ കോടതി കയറാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത് നല്ലതാണ്. മദ്യപാനികളുടെയും വിശ്വാസികളുടെയും കാര്യത്തില്‍ സര്‍ക്കാറിന് ഇരട്ടത്താപ്പാണ്.

മാസ്‌ക് ധരിച്ച് സാമൂഹിക അകലം പാലിച്ച് ആരാധനാലയങ്ങളില്‍ പോകാന്‍ വിശ്വാസികള്‍ക്ക് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ലോക്ക്ഡൗണ്‍ കാലത്ത് മദ്യശാലകള്‍ തുറന്ന നടപടിക്കെതിരെ ശക്തമായ സമരപരിപാടികളുമായി യു ഡിഎഫ് ഇറങ്ങുമെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

SHARE