സി.പി.എമ്മിന്റേത് നാണംകെട്ട രാഷ്ട്രീയ കളി; അവസാന ശ്വാസം വരെ കോണ്‍ഗ്രസുകാരനായി തുടരും: കെ.സുധാകരന്‍

കണ്ണൂര്‍: ന്യൂനപക്ഷ സംരക്ഷകരെന്ന് നടിക്കുന്ന സി.പി.എം നാണംകെട്ട രാഷ്ട്രീയ കളി നടത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. തന്റെ പ്രസ്താവന ദുരുപയോഗം ചെയ്തതാണ്. തരംതാണ രാഷ്ട്രീയ തന്ത്രമാണ് സി.പി.എം പയറ്റുന്നത്.

തന്റെ അഭിമുഖം ദുരുപയോഗം ചെയ്ത കൈരളി ചാനലിനെതിരെ നിയമപരമായി മുന്നോട്ട് പോകുന്നതിനെ കുറിച്ച് ആലോചിക്കും.നിയമ വിദഗ്ദരുമായി ഇതേകുറിച്ച് ആലോചിക്കുമെന്നും സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുസ്‌ലിം സമൂഹത്തെ ഭയപ്പെടുത്തി കീഴ്‌പെടുത്തുന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്. ന്യൂനപക്ഷ സംരക്ഷകരെന്ന് നടിക്കുമ്പോഴും ഒരു സമൂഹത്തിലെ ചെറുപ്പക്കാരെ കൊന്നൊടുക്കുന്ന ഫാസിഷ്റ്റ് നയമാണ് സി.പി.എം പിന്തുടരുന്നത്.

ന്യൂനപക്ഷ വിഭാഗത്തിന്റെ അപ്പോസ്തലന്‍മാരാകുന്ന പി.ജയരാജന്‍ തങ്ങളാണ് ന്യൂനപക്ഷ സംരക്ഷകരെന്ന് പറഞ്ഞ് സ്വയം മേനി നടിക്കുകയാണ്. തലശ്ശേരി കലാപത്തെ കുറിച്ച് പുനരന്വേഷണം നടത്തണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

തലശ്ശേരി കലാപത്തിലെ സി.പി.എം പങ്കിനെ കുറിച്ച് സി.പി.ഐ പോലും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ന്യൂനപക്ഷ മേഖലയില്‍ അക്രമം നടത്തി കൊള്ള നടത്തിയ പാര്‍ട്ടി സി.പി.എമ്മാണ്. ഗുജറാത്ത് മോഡല്‍ അക്രമമാണ് സി.പി.എം കേരളത്തില്‍ നടത്തുന്നതെന്നും സുധാകരന്‍ പറഞ്ഞു.

SHARE