സാംസ്‌കാരിക നായകര്‍ക്ക് സി.പി.എമ്മിനെ പേടി; പൊലീസിനെ നിയന്ത്രിക്കുന്നത് എം.വി ജയരാജന്‍: കെ. സുധാകരന്‍

കണ്ണൂര്‍: ലോക മനസാക്ഷി നടുക്കിയ കൊലപാതകം നടന്നിട്ടും പ്രതികരിക്കാന്‍ തയ്യാറാകാത്ത സാംസ്‌കാരിക നായകര്‍ സി.പി.എമ്മിന് അടിമപ്പെട്ടിരിക്കുകയാണെന്ന് കെ.സുധാകരന്‍. മരം മുറിച്ചാല്‍ പോലും വാതോരാതെ സംസാരിക്കുന്ന സാഹിത്യകാരന്‍മാര്‍ ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് അപലപിക്കാന്‍ പോലും തയ്യാറാകാത്തത് സി.പി.എമ്മിനെയും പിണറായി വിജയനെയും ഭയമുള്ളത് കൊണ്ടാണെന്നും സുധാകരന്‍ പറഞ്ഞു.

അവരുടെ ഭയമാണ് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകാത്ത സ്ഥിതിയിലെത്തിച്ചത്. പുതിയ തലമുറ ചോദിക്കുന്നത് ജനാധിപത്യ രാജ്യത്ത് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഇനി എപ്പോഴുണ്ടാകുമെന്നാണ്. കേരളത്തിലെ പൊലീസിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. അവരുടെ കൈകാലുകള്‍ പിടിച്ച് കെട്ടിയിരിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് പൊലീസിനെ നിയന്ത്രിക്കുന്നത് പിണറാീയി വിജയന്റെ ഉപദേശകനായ എം.വി ജയരാജനാണെന്നും സുധാകരന്‍ പറഞ്ഞു.

പൊലീസ് അന്വേഷണം നീതിപൂര്‍വമാണെങ്കില്‍ ഞങ്ങള്‍ സഹകരിക്കും. കൊല്ലിച്ചവനെയും കൊലപാതകത്തിന് നിര്‍ദ്ദേശം നല്‍കിയവനെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.
എടയന്നൂരിലുണ്ടായ കെ.എസ്.യുഎസ്.എഫ്.ഐ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ലോക്കല്‍ കമ്മിറ്റിയുടെ പ്രത്യേക യോഗങ്ങള്‍ നടന്നിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഡാലോചനയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

പാര്‍ട്ടിയുടെ വിശ്വസ്ഥരായ ആളുകളാണ് യോഗത്തില്‍ പങ്കെടുത്തത്. ഷുഹൈബിന്റെ കൊലപാതകം നടക്കുമ്പോള്‍ സി.പി.എം നേതാക്കളുള്‍പ്പെടെയുള്ളവര്‍ ചുറ്റുവട്ട നിരീക്ഷണം നടത്തിയിരുന്നതായും സുധാകരന്‍ പറഞ്ഞു.