തിരഞ്ഞെടുപ്പ് കേസ് സുരേന്ദ്രന്‍ പിന്‍വലിച്ചു ; 42,000 രൂപ കോടതിയില്‍ അടയ്ക്കണം

മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി. പി.ബി. അബ്ദുറസാഖിന്റെ വിജയത്തിനെതിരെ നല്‍കിയിരുന്ന ഹര്‍ജി ബിജെപി സ്ഥാനാര്‍ഥിയായ കെ. സുരേന്ദ്രന്‍ പിന്‍വലിച്ചു.
ഹര്‍ജി പിന്‍വലിക്കണമെന്ന സുരേന്ദ്രന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. അതേസമയം കേസിന്റെ ആവശ്യത്തിനായി ചിലവായ 42,000 രൂപ കെ. സുരേന്ദ്രന്‍ അടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു.

ഹര്‍ജി പിന്‍വലിച്ചതിനാല്‍ ഹൈക്കോടതി നടപടികള്‍ ഉടന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. ഒഴിവുള്ള മറ്റ് നിയമസഭാ മണ്ഡലങ്ങള്‍ക്കൊപ്പം മഞ്ചേശ്വരത്തും ഉപതിരഞ്ഞെടുപ്പ് നടക്കും. പി.ബി അബ്ദുറസാഖ് മരിച്ച് ആറുമാസമായിട്ടും ഇവിടെ തിരഞ്ഞെടുപ്പ് നടക്കാതിരുന്നത് സുരേന്ദ്രന്റെ ഹര്‍ജിയെ തുടര്‍ന്നായിരുന്നു.

കേസിലെ സാക്ഷികളായ മുഴുവന്‍ ആളുകളെയും ഹാജരാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ഹര്‍ജി പിന്‍വലിക്കാന്‍ സുരേന്ദ്രന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിന് നിരവധി സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടായതിനെതുടര്‍ന്ന് തീരുമാനം നീണ്ടുപോയി. ഗസറ്റില്‍ വിജ്ഞാപനം ചെയ്യാതെ ഹര്‍ജി പിന്‍വലിക്കാന്‍ കഴിയാതെ വന്നതോടെ നടപടി ക്രമങ്ങള്‍ നീണ്ടുപോവുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ജസ്റ്റിസ് സുനില്‍ തോമസ് മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് അവസാനിപ്പിച്ചുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു.