ഇടതുമുന്നണിയില്‍ ഞെട്ടല്‍; രാഹുല്‍ഗാന്ധിക്കായി വോട്ടഭ്യര്‍ത്തിച്ച് എല്‍.ഡി.എഫ് ഭരിക്കുന്ന നഗരസഭാ വൈസ് ചെയര്‍മാന്‍

യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കൊപ്പം ഭവനസന്ദര്‍ശനം നടത്തി വോട്ടഭ്യര്‍ത്ഥിക്കുന്ന കല്‍പ്പറ്റ നഗരസഭാ വൈസ് ചെയര്‍മാന്‍ ആര്‍ രാധാകൃഷ്ണന്‍

കല്‍പ്പറ്റ: ഇടതുമുന്നണി ഭരിക്കുന്ന കല്‍പ്പറ്റ നഗരസഭയിലെ വൈസ് ചെയര്‍മാന്‍ രാഹുല്‍ഗാന്ധിക്കായി വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ട് ഭവനസന്ദര്‍ശനം നടത്തുന്നു. യു ഡി എഫ് പ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു കല്‍പ്പറ്റ നഗരസഭാ വൈസ് ചെയര്‍മാന്‍ ആര്‍ രാധകൃഷ്ണന്‍ കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് ലോക്സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ഗാന്ധിക്കായി വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ട് കല്‍പ്പറ്റ ടൗണിലെത്തിയത്. രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുകയെന്നത് ഭാഗ്യമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മത്സരിക്കുമ്പോള്‍ നോക്കിയിരിക്കാനാവില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസ് എന്റെ തറവാടാണ്. ആരുമായും ഉപാധികളോ വിധേയത്വമോ ഇല്ല. ഓരോരുത്തര്‍ക്കും അവരുടെതായ വ്യക്തിത്വമുണ്ടെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. രാഹുല്‍ഗാന്ധിക്ക് മികച്ച ഭൂരിപക്ഷമുണ്ടാക്കാന്‍ പ്രചരണത്തിനുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഗരസഭാ ഭരണസമിതിയിലെ വൈസ് പ്രസിഡന്റ് തന്നെ രാഹുലിനായി പ്രചരണത്തിനിറങ്ങിയത് എല്‍ ഡി എഫ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. കല്‍പ്പറ്റ നഗരസഭയില്‍ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച രാധാകൃഷ്ണന്റെ പിന്തുണയോടെയാണ് എല്‍ ഡി എഫ് ഭരണം കയ്യാളുന്നത്.

SHARE