അവര്‍ക്കായി ശബ്ദമുയര്‍ത്താന്‍ ഞാന്‍ ഉണ്ടാകും;കമല്‍ഹാസന്‍

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരെ തല്ലിച്ചതയ്ക്കുന്ന നടപടിക്കെതിരെ തുറന്നടിച്ച് കമല്‍ഹാസന്‍. യുവജനങ്ങളുടെ ചോദ്യങ്ങള്‍ അടിച്ചമര്‍ത്തുന്നുവെങ്കില്‍ ജനാധിപത്യം അപകടത്തിലാണെന്ന് കമല്‍ഹാസന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുവജനത രാഷ്ട്രീയ ബോധമുള്ളവരാണ് അവര്‍ക്കായി ശബ്ദമുയര്‍ത്താന്‍ ഞാന്‍ ഉണ്ടാകും കമല്‍ ഹാസന്‍ പറഞ്ഞു.

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം സംസ്ഥാനങ്ങളുടെ അതിര്‍ത്തിക്കപ്പുറവും രാഷ്ട്രീയത്തിനും പാര്‍ട്ടികള്‍ക്കും അതീതമായും ഉയരണം. ഇത് ദേശീയ വിഷയമാണെന്നും കമല്‍ പറഞ്ഞു.

പോരാട്ടം എങ്ങനെ തുടരാനാണ് ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് ശശിയായ ദിശയില്‍ നിയമപോരാട്ടവുമായി മുന്നോട്ടുപോകുമെന്ന് താരം മറുപടി നല്‍കി. തന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ഡല്‍ഹിയില്‍ ജാമിഅയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങിയവരും പൊലീസും ഏറ്റുമുട്ടി. വലിയൊരു വിഭാഗം പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞതോടെ സംഘര്‍ഷം രൂക്ഷമായി. ഇതോടെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിചാര്‍ജ് നടത്തുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതരായ പ്രതിഷേധക്കാര്‍ പൊലീസ് സ്‌റ്റേഷന് തീവെക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് പ്രദേശത്ത് ഫഌഗ് മാര്‍ച്ച് നടത്തി. പ്രതിഷേധക്കാരെ മുന്നോട്ട് പോകാന്‍ അനുവദിക്കാതെ തടഞ്ഞതോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥരും സമരക്കാരും തമ്മില്‍ സീലാംപൂര്‍ ചൌക്കില്‍ ഏറ്റുമുട്ടലുണ്ടായത്.

ഉച്ചയ്ക്ക് 12 മണിയോടെയാണ് പ്രതിഷേധം ആരംഭിച്ചതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ഡല്‍ഹി പൊലീസ് ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്. ഞായറാഴ്ച ജാമിഅ മില്ലിയ ഇസ്‌ലാമിയ വിദ്യാര്‍ഥികള്‍ക്കെതിരായ നടപടിയുടെ പേരില്‍ ഡല്‍ഹി പൊലീസ് കടുത്ത വിമര്‍ശനം നേരിടുന്നതിനിടെയാണ് സംഭവം.