കാണികളെ രസിപ്പിച്ചില്ല; മൃഗശാലയിലെ കംഗാരുവിനെ കാണികള്‍ കല്ലെറിഞ്ഞ് കൊന്നു

മൃഗശാലയിലെ കംഗാരുവിനെ സന്ദര്‍ശകര്‍ കല്ലെറിഞ്ഞ് കൊന്നു. പന്ത്രണ്ട് വയസ് പ്രായമുള്ള പെണ്‍ കംഗാരുവിനാണ് ദാരുണാന്ത്യമുണ്ടായത്. ചൈനയിലെ ഫുസ്‌ഹൊ മൃഗശാലയിലാണ് സംഭവം. കംഗാരു കാണികളെ രസിപ്പിച്ചില്ലെന്നതായിരുന്നു കാണികളെ ചൊടിപ്പിച്ചത്.

പുറത്തേക്കിറങ്ങാതെ കൂട്ടിനുള്ളില്‍ ഒതുങ്ങിയിരുന്ന കംഗാരുവിനെ കാഴ്ചക്കാര്‍ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു കംഗാരു മരിച്ചത്. കല്ലെറിയുന്ന ആളുകളെ പിന്തിരിപ്പിക്കാന്‍ മൃഗശാലയിലെ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും ആളുകള്‍ കൂട്ടിലടച്ച കംഗാരുവിനെ കല്ലെറിയുന്നത് തുടരുകയായിരുന്നു. ആളുകള്‍ കല്ലെറിയുന്നത് തുടര്‍ന്നതോടെ കംഗാരുവിനെ ജീവനക്കാര്‍ കൂട്ടില്‍ നിന്ന് മാറ്റിയിരുന്നു. പക്ഷേ കംഗാരുവിന്റെ കാലിനും തലയിലും കല്ലേറില്‍ ഗുരുതര പരിക്കേറ്റത് മരണത്തിനിടയാക്കി. കംഗാരുവിന്റെ കിഡ്‌നി തുളച്ച് കല്ല് പോയിട്ടുണ്ടെന്നും ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

അതേസമയം, മൃഗശാലയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് അക്രമികളെ പിടികൂടാനുള്ള നീക്കത്തിലാണ് പൊലീസ്. കംഗാരുവിന്റെ മൃതദേഹം മൃഗശാലയില്‍ സ്റ്റഫ് ചെയ്യാനുള്ള നീക്കത്തിലാണ് മൃഗശാലയിലെ ജീവനക്കാര്‍.

SHARE