പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; കണ്ണൂരില്‍ 21 പൊലീസ് കേസുകള്‍

കണ്ണൂര്‍: സര്‍ക്കാരിന്റേയും ആരോഗ്യ വകുപ്പിന്റേയും പൊലീസിന്റേയും കോവിഡ്19 പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ജുമാ നമസ്‌കാരം നടത്തിയതിന് പള്ളി കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ ജില്ലയില്‍ വീണ്ടും കേസുകള്‍. വിവിധ സ്‌റ്റേഷനുകളിലായി 21 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. തളിപറമ്പ് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പുളിപ്പറമ്പ നൂര്‍ ജുമാ പള്ളിയില്‍ മുഹമ്മദ് മുസ്തഫയുടെ നേതൃത്വത്തില്‍ കൂട്ടം കൂടി ചടങ്ങുകള്‍ക്ക് പങ്കെടുത്തതിന് കേസെടുത്തു. 19 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ചൊക്ലി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ദിവസം മേക്കുന്നില്‍ പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് കൂട്ടം കൂടി നിന്നെന്ന കുറ്റം ചുമത്തി അണിയാരം സ്വദേശി വികെ ശരത്, ചമ്പാട് സ്വദേശി എംകെ വിഷ്ണു(25) എന്നിവര്‍ക്കെതിരെയും കേസെടുത്തു.

പെരിങ്ങോം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കുണ്ടങ്കൊവ്വല്‍ ജുമാ മസ്ജിദിലും പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പള്ളികളില്‍ ജുമാ നമസ്‌കാരം നടത്തിയതിന് കമ്മിറ്റി സെക്രട്ടറി അഷറഫ്, ഖതീബ് മുസ്തഫാ എന്നിവര്‍ക്കെതിരെയും കെസെടുത്തിരുന്നു. തളിപ്പറമ്പ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കുറുമാത്തൂര്‍ മുയ്യം ഹൈദ്രോസ് പള്ളി കമ്മിറ്റി പ്രസിഡന്റ് മൂസാന്‍ കുട്ടി, ഖതീബ് മലപ്പുറം അരീക്കോട് സ്വദേശി കെസി അഷ്‌റഫ് തുടങ്ങി 20 പെര്‍ക്കെതിരെയും കേസെടുത്തു.

കണ്ണൂര്‍ സിറ്റി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ സിറ്റി സെന്റര്‍ പള്ളിയില്‍ ജുമാ നമസ്‌കാരം നടത്തിയതിന് 20 ഓളം പേര്‍ക്കെതിരെ കേസെടുത്തു. ചെറുപുഴ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വയക്കര പടിയോട്ടുചാലിലെ അജിത്ത് കുമാര്‍ അരിയിരുത്തി, വിനോദ് കണ്ടോത്, വിനോദ് മുത്തത്തി, രാമചന്ദ്രന്‍ മാതമംഗലം, ദീപേഷ് കൂട്ടപ്പുന്ന, റാഫി പെരിങ്ങോം എന്നിവരെ കൊറോണ മരുന്ന് പൊതുജനങ്ങളില്‍ പ്രദര്‍ശിപ്പിച്ച് പരസ്യം ചെയ്തുവെന്ന കുറ്റം ചുമത്തി കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തു.

SHARE