കണ്ണൂര്‍, കരുണ ബില്‍: ഗവര്‍ണറുടെ തീരുമാനം നിര്‍ണായകം

 

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി, പാലക്കാട് കരുണ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ക്രമവിരുദ്ധ പ്രവേശനം സാധൂകരിക്കാന്‍ നിയമസഭ പാസാക്കിയ ബില്ലില്‍ ഞായറാഴ്ചക്കകം ഗവര്‍ണര്‍ ഒപ്പുവെച്ചില്ലെങ്കില്‍ അസാധുവാകും. നിയമവകുപ്പ് സെക്രട്ടറി ഒപ്പുവെച്ച ബില്‍ നിലവില്‍ ഗവര്‍ണറുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. ഓര്‍ഡിനന്‍സ് സുപ്രീംകോടതി സ്‌റ്റേ ചെയ്ത സാഹചര്യത്തില്‍ ഗവര്‍ണര്‍ ഒപ്പിടാതെ ബില്‍ അസാധുവായാല്‍ ഇതുവരെയുള്ള നടപടികളെല്ലാം പാഴായിപ്പോകും.
നിയമസഭ സമ്മേളിക്കാത്ത സാഹചര്യത്തില്‍ ഏതെങ്കിലും നടപടികള്‍ക്ക് നിയമസാധുത നല്‍കാനാണ് സാധാരണ ഓര്‍ഡിനന്‍സ് ഇറക്കുന്നത്. നിയമസഭ ചേര്‍ന്ന് 42 ദിവസത്തിനുള്ളില്‍ ഇത് ബില്ലായി സഭയില്‍ അവതരിപ്പിച്ച് പാസാക്കി ഗവര്‍ണര്‍ ഒപ്പിടേണ്ടതുണ്ട്. ഇത്തവണ നിയമസഭാ സമ്മേളനം തുടങ്ങിയത് ഫെബ്രുവരി 26നാണ്. ഞായറാഴ്ചയാകുമ്പോള്‍ 42 ദിവസം തികയും. ഇതിനകം ബില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ ഓര്‍ഡിനന്‍സിന്റെ കാലാവധി കഴിയും. ബില്ല് നിയമമാവുകയുമില്ല. ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്തിരിക്കുന്നതിനാല്‍ ഇത് വീണ്ടും പുറപ്പെടുവിക്കാനുമാകില്ല. നിയമസഭ പാസാക്കിയ പല നിയമങ്ങളും മുന്‍പ് സുപ്രീംകോടതി റദ്ദാക്കിയിട്ടുണ്ടെങ്കിലും ഗവര്‍ണര്‍ ഒപ്പിട്ട് നിയമമാകാനുള്ള ഇടവേളയില്‍ ബില്ലിന് അടിസ്ഥാനമായ ഓര്‍ഡിനന്‍സുതന്നെ റദ്ദാക്കപ്പെടുന്നത് ഇതാദ്യമാണ്.
സുപ്രീംകോടതി സ്‌റ്റേ ചെയ്ത ഓര്‍ഡിനന്‍സിലും ബില്ലിലും കാര്യമായ വ്യത്യാസങ്ങളുണ്ടെന്നാണ് സര്‍ക്കാറിന്റെ അവകാശ വാദം. എന്നാല്‍ പ്രവേശനത്തിന് അധികാരമുള്ള ഏജന്‍സി സര്‍ക്കാറാണ് എന്ന് ഓര്‍ഡിനന്‍സില്‍ പറയുമ്പോള്‍, ബില്ലില്‍ പ്രവേശനത്തിനുള്ള അധികാരം മേല്‍നോട്ടസമിതിക്കാണ് എന്നുമാറ്റിയത് മാത്രമാണ് എടുത്തുപറയാവുന്ന വ്യത്യാസം.

SHARE