വിനോദയാത്ര കഴിഞ്ഞെത്തിയ വിദ്യാര്‍ത്ഥിനി പനി ബാധിച്ച് മരിച്ചു; കൂടെയുണ്ടായവര്‍ക്കും സമാന ലക്ഷണങ്ങള്‍

കണ്ണൂര്‍: കണ്ണൂര്‍ എസ്എന്‍ കോളജില്‍ നിന്ന് വിനോദയാത്ര കഴിഞ്ഞു തിരിച്ചെത്തിയ വിദ്യാര്‍ത്ഥിനി പനിബാധിച്ചു മരിച്ചു. മൂന്നാം വര്‍ഷ ബിഎസ്‌സി മാത്‌സ് വിദ്യാര്‍ത്ഥിനി കൂത്തുപറമ്പ് കോട്ടയം മലബാര്‍ തള്ളോട്ടെ ആര്യശ്രീ(20) ആണ് ഇന്നലെ രാവിലെ മരിച്ചത്. കൂടെയുണ്ടായവര്‍ക്കും പനിയുടെ ലക്ഷണം കണ്ടതോടെ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും രക്തസാമ്പിളുകള്‍ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചു.

കണ്ണൂര്‍ എസ്എന്‍ കോളജില്‍ നിന്ന് കഴിഞ്ഞ 16നാണ് 48 വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരും ഉള്‍പ്പെടെ കുടക്, ചിക്മംഗളൂര്‍ എന്നിവിടങ്ങളിലേക്ക് വിനോദയാത്ര പോയത്. കുട്ടിയുടെ മരണത്തിന് കാരണമായ അണുബാധ മറ്റുള്ളവരിലുമുണ്ടോ എന്ന് കണ്ടെത്താനാണ് പരിശോധന.

ശരീരവേദന, പേശീവലിവ്, ക്ഷീണം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോളേജിലെ മൂന്നും സ്‌കൂളിലെ രണ്ടും കുട്ടികളെ നിരീക്ഷണത്തിനായി പ്രത്യേക വാര്‍ഡിലേക്ക് മാറ്റി. ഇവരുടെ രക്ത, ഉമിനീര്‍ സാമ്പിളുകള്‍ മണിപ്പാലിലെയും ആലപ്പുഴയിലെയും വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശോധനയ്ക്ക് അയച്ചു. ബാക്കിയുള്ളവരെ പരിശോധനയ്ക്ക് ശേഷം വീട്ടിലേക്ക് മടക്കിയയച്ചു.

എന്നാല്‍ ആശങ്കപ്പെടാനില്ലെന്ന് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. കതിരൂര്‍ ഹയര്‍ സെക്കന്ററി അധ്യാപകന്‍ എന്‍ അനില്‍ കുമാറിന്റെ മകളാണ് ആര്യശ്രീ. കോട്ടയം അങ്ങാടി വനിതാ സഹകരണ സംഘം സെക്രട്ടറി ശ്രീജയാണ് മാതാവ്. സഹോദരി: അമയശ്രി(കൂത്തുപറമ്പ് നിര്‍മലഗിരി കോളജ് ബിരുദ വിദ്യാര്‍ത്ഥിനി).

SHARE