മൊറോക്കോയിലെ റമസാന്‍ വിശേഷങ്ങള്‍

കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍
ചെറുപ്പകാലത്തെ റമസാനുമായുള്ള ഓര്‍മ്മകള്‍ എനിക്ക് ഉപ്പയുടെ കൂടെയാണ്. നാട്ടിലെ മൗലിദുകള്‍ക്കും മറ്റുമൊക്കെ ക്ഷണിക്കപ്പെടുന്നവരായിരുന്നു ഉപ്പ. ഞങ്ങള്‍ ചെറിയ കുട്ടികളായപ്പോള്‍ തന്നെ അന്നേരങ്ങളില്‍ എന്നെയും ജേഷ്ഠനെയും കൂടെ കൂട്ടുമായിരുന്നു . 1940 കളാണ്, വളരെ ദരിദ്രമായ സാഹചര്യമായിരുന്നല്ലോ എങ്ങും. നോമ്പിന് പോലും ശരിക്കു ഭക്ഷണം കഴിക്കാനുള്ള കഴിവ് ഇല്ലായിരുന്നു മിക്ക കുടുംബങ്ങള്‍ക്കും. നാട്ടിലെ ഭേദപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ളവരൊക്കെ നോമ്പ് തുറ വെക്കും. പാവപ്പെട്ടവര്‍ക്ക് വലിയ ആശ്വാസമായിരുന്നു അത്തരം നോമ്പുതുറകള്‍. എന്റെയുള്ളിലെ പ്രഭാഷണ ചാരുതയും പ്രകടിപ്പിക്കാന്‍ അവസരം ലഭിച്ചതും നോമ്പ് കാലത്തായിരുന്നു. അന്നത്തെ ദര്‍സിലെ ഉസ്താദായിരുന്ന അബ്ദുല്‍ ഹമീദ് മുസ്ലിയാരാണ് ആദ്യം പ്രസംഗം എഴുതിത്തന്നത്. ഒരു ആയത്ത്, ഹദീസ്, ബൈത്ത് എന്നിവ അടങ്ങുന്നതായിരുന്നു ആ പ്രസംഗം. കാന്തപുരത്തും പരിസരത്തും ഉള്ള ചില പള്ളികളില്‍ പോയി അങ്ങനെ വഅള് പറയുമായിരുന്നു. എല്ലാവരും കേള്‍ക്കാനിരിക്കും, വലിയ ആവേശമായിരുന്നു എനിക്കും. നമ്മുടെയൊക്കെ കാലത്തെ മതപ്രഭാഷകരെ സൃഷ്ടിക്കുന്നതില്‍ അത്തരം റമസാന്‍ പ്രഭാഷണങ്ങള്‍ക്ക് വലിയ പങ്കുണ്ട്. അന്ന്, അബ്ദുല്‍ ഹമീദ് ഉസ്താദ് പഠിപ്പിച്ചതു തന്നെ, എന്റെ പിന്നീടുള്ള പ്രഭാഷണത്തില്‍ ഞാന്‍ പലപ്പോഴും പ്രാവര്‍ത്തികമാക്കുമായിരുന്നു. ഒരു ആയത്തും, ഹദീസും , ബൈത്തും വെച്ച് ഓരോ വിഷയങ്ങളെയും അപഗ്രഥിക്കുന്ന ശൈലിക്ക് പെട്ടെന്നു വിശ്വാസികളെ സ്വാധീനിക്കാന്‍ കഴിയും.
റമസാനുമായി ബന്ധപ്പെട്ടുള്ള മറ്റുള്ള അനുഭവങ്ങള്‍ വിദേശത്തു വെച്ചുള്ളതാണ്. മര്‍കസിന്റെ ആരംഭം കുറിച്ചത് മുതല്‍ കൂടുതല്‍ നോമ്പും ഗള്‍ഫിലും മറ്റുമായിട്ടാണ് ഉണ്ടായിട്ടുള്ളത്. നമ്മുടെ ദീനീ സ്ഥാപന സംരംഭങ്ങള്‍ക്കെല്ലാം വിശ്വാസികള്‍ സഹായം നല്‍കുന്ന മാസമാണല്ലോ ഇത്.
ഏറ്റവും വിശിഷ്ടമായി റമസാനിനെ ആദരിക്കുകയും പരിഗണിക്കുകയും ചെയ്യുന്നവരാണ് ലോകത്തെല്ലായിടത്തും ഉള്ള വിശ്വാസികള്‍. രാജാവെന്നോ പ്രജയൊന്നോ ഉള്ള വ്യത്യാസം അതിലില്ല. ഏറ്റവും സവിശേഷമായി തോന്നിയ ഒരു രീതി മൊറോക്കോ രാജാവിന്റേതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പണ്ഡിതരെ ക്ഷണിച്ചു വരുത്തി അവരുടെ പ്രഭാഷണങ്ങള്‍ അദ്ദേഹവും പ്രധാന ഗവണ്മെന്റ് ഉദ്യോഗസ്ഥരും കേള്‍ക്കുന്ന ചടങ്ങാണ് അത്. മൊറോക്കോയിലെ രാജാവ് ഹസന്‍ രണ്ടാമന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചതാണ് ഈ സമ്പ്രദായം. ഇപ്പോഴത്തെ മൊറോക്കോ രാജാവ് മുഹമ്മദ് ആറാമന്റെ അതിഥിയായി ഞാന്‍ പങ്കെടുത്തിട്ടുണ്ട്. അസ്ര്‍ നിസ്‌കാരാനന്തരം രാജാവും മന്ത്രിമാരും സൈനിക ഉദ്യോഗസ്ഥരും തലസ്ഥാന നഗരിയായ റബാത്തിലെ അംബാസിഡര്‍മാരുമെല്ലാം ഒരുമിച്ചിരിക്കും. പ്രഭാഷകന്‍ മാത്രം ഒന്നര മീറ്റര്‍ ഉയരത്തിലുള്ള പ്രസംഗ പീഠത്തിലും. ക്ലാസിലെ ഓരോ വാക്കുകളും രാജാവും മറ്റുള്ളവരും വീക്ഷിക്കും. ക്ലാസ് കഴിഞ്ഞാല്‍ സ്വലാത്തും ദിക്റും നടത്തി സമാപന ദുആ രാജാവ് തന്നെ നിര്‍വ്വഹിക്കുന്നു. റമസാനിലെ ഓരോ ആഴ്ചയും രണ്ടു മണിക്കൂര്‍ വീതം മൂന്നു ദിവസം അതുണ്ടാകുമായിരുന്നു. മൊറോക്കോ ഇസ്‌ലാമിക പാരമ്പര്യത്തിന്റെ ഈറ്റില്ല നഗരമാണ്. ഓരോ നഗരത്തിലും അതിമനോഹരമായ പള്ളികളും കാണാം. ഓരോ അതിഥികളെയും പ്രധാന പള്ളികളില്‍ എത്തുന്ന പതിനായിരങ്ങള്‍ക്ക് ശ്രവിക്കാന്‍ അവസരം ഒരുക്കുകയും ചെയ്യുമായിരുന്നു മൊറോക്കോ രാജാവ്.
എട്ടു പതിറ്റാണ്ടിലെ ജീവിതത്തിനിടയില്‍ ആദ്യമായാണ് ഈ വര്‍ഷം ഉണ്ടായത് പോലെയൊരു സംഭവം. പള്ളികള്‍ അടച്ചിടപ്പെടുകയും വിശ്വാസികള്‍ എല്ലാം വീടുകളിലേക്ക് പരിമിതപ്പെടേണ്ടി വരികയും ചെയ്ത ഈ സാഹചര്യം ഒരിക്കലും ശുഭകരമായ ഒന്നല്ല. അല്ലാഹുവിനോട് നാമെല്ലാവരും പ്രാര്‍ത്ഥിക്കുന്നത് ലോകത്തെ സ്തംഭിപ്പിച്ച കൊറോണ കെടുതിയില്‍ നിന്ന് എത്രയും പെട്ടെന്ന് മോചനം തരാനാണ്. ലോക്ക്ഡൗണ്‍ തുടങ്ങിയ ശേഷം സാധാരണ ഞാന്‍ എടുക്കുന്ന ബുഖാരി ക്ലാസ് ഓണ്‍ലൈനിലേക്ക് മാറ്റുകയുണ്ടായി. റമസാനിലും അത് തുടര്‍ന്നു. ശൈഖ് സൈനുദ്ധീന്‍ മഖ്ദൂമിന്റെ ആധ്യാത്മിക കാവ്യ രചനയായ അദ്കിയയെ കേന്ദ്രീകരിച്ചായിരുന്നു നോമ്പിലെ ക്ലാസുകള്‍. കൊറോണക്കെടുതി വേഗത്തില്‍ തീരാന്‍ വിശ്വാസികള്‍ ദുആ ചെയ്യണമെന്നു അഭ്യര്‍ത്ഥിക്കുന്നു.

SHARE