മോദിയുടെ ‘പരീക്ഷ പേ ചര്‍ച്ച’: വിദ്യാര്‍ഥികളുടെ സമയം കളയരുതെന്ന അഭ്യര്‍ഥനയുമായി കപില്‍ സിബല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്യാര്‍ഥികളുമായി സംവദിക്കുന്ന ‘പരീക്ഷ പേ ചര്‍ച്ച’ക്കെതിരെ വിമര്‍ശവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. പരീക്ഷയ്ക്ക് പഠിക്കാന്‍ സമയം വിനിയോഗിക്കുന്നതാവും വിദ്യാര്‍ഥികള്‍ക്ക് നല്ലതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വിദ്യാര്‍ഥികളെ പ്രധാനമന്ത്രി വെറുതെ വിടണമെന്നാണ് തനിക്ക് പറയാനുള്ളത്. പൊതുപരീക്ഷയ്ക്ക് പഠിക്കാനുള്ള സമയമാണിത്. അവരുടെ സമയം കളയരുത്. പഠനത്തില്‍ നിരുത്സാഹപ്പെടുത്തുന്ന സാഹചര്യങ്ങളെ നേരിടാന്‍ എന്തൊക്കെ ചെയ്യണമെന്ന് ‘പരീക്ഷ പേ ചര്‍ച്ച’യില്‍ പ്രധാനമന്ത്രി വിദ്യാര്‍ഥികളോട് നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് വിമര്‍ശവുമായി സിബല്‍ രംഗത്തെത്തിയത്.

വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ക്കെതിരെ പരോക്ഷ വിമര്‍ശവും മുതിര്‍ന്ന അഭിഭാഷകന്‍ കൂടിയായ കപില്‍ സിബല്‍ ഉന്നയിച്ചു. വ്യക്തികള്‍ നേടുന്ന ബിരുദങ്ങള്‍ പരസ്യമാക്കുന്നത് സംബന്ധിച്ചും ചര്‍ച്ച ആവശ്യമാണ്. എല്ലാവര്‍ക്കും അതേപ്പറ്റി അറിയാന്‍ കഴിയണം. ‘മന്‍ കി ബാത്ത്’ പരിപാടിയിലൂടെ അതും പറയമെന്നും സിബല്‍ നിര്‍ദ്ദേശിച്ചു. പ്രധാനമന്ത്രി മോദിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിമര്‍ശങ്ങള്‍ നേരിട്ടിട്ടുള്ള പശ്ചാത്തലത്തിലാണ് വിമര്‍ശം.

SHARE