അധികൃതരുടെ അനാസ്ഥ: കാപ്പാട് തീരം സഞ്ചാരികള്‍ക്കന്യമാകുന്നു

അധികൃതരുടെ അനാസ്ഥ: കാപ്പാട് തീരം സഞ്ചാരികള്‍ക്കന്യമാകുന്നു

കാപ്പാട്: വിനോദ സഞ്ചാരികളുടെ പറുദീസയായ കാപ്പാട് തീരപ്രദേശം അധികാരികളുടെ അനാസ്ഥയും അശ്രദ്ധയും കാരണം നശിച്ചുകൊണ്ടിരിക്കുന്നു. 1498 ല്‍ വാസ്‌കോഡഗാമ കപ്പലിറങ്ങി ചരിത്ര ഭൂമികയില്‍ ഇടം നേടിയ സ്ഥലമാണ് കാപ്പാട്. ഒട്ടേറെ ഫണ്ട് ഇത്തരം വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ചെലവഴിക്കുന്ന സര്‍ക്കാര്‍ കാപ്പാടിന് വേണ്ടത്ര പരിഗണന നല്‍കുന്നില്ല
തിരക്കുകളില്‍ നിന്നും മാറി അല്‍പം ആശ്വാസം തേടി ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് കാപ്പാടിന്റെ ശാന്തത സുഖം പകരുന്നതാണ്.

എന്നാല്‍ ബീച്ചിലേക്ക് കടക്കുന്ന കല്ലു പാകിയ ഭാഗങ്ങള്‍ തിര വന്നടിച്ച് ഇടിഞ്ഞിരിക്കുന്ന അവസ്ഥയാണ്.തണലും ഭംഗിയും നല്‍കിയിരുന്ന കാറ്റാടി മരങ്ങള്‍ ഒന്നൊന്നായി കടപുഴകി വീണുകൊണ്ടിരിക്കുന്നു.കോഴിക്കോടിന്റെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രമായ കാപ്പാട് ബീച്ചില്‍ മാലിന്യങ്ങള്‍ തള്ളപ്പെട്ട്്് വൃത്തിഹീനമായിരിക്കുന്നു.വൈകുന്നേരം ആറ് കഴിഞ്ഞാല്‍ മതിയായ വെളിച്ചവും അവിടെ ലഭിക്കുന്നില്ല.വിദേശികളും സ്വദേശികളുമടക്കമുള്ള സഞ്ചാരികള്‍ ആറ് മണി കഴിഞ്ഞാല്‍ അവിടുന്ന് മടങ്ങും.സ്വകാര്യ കമ്പനികളുടെ രണ്ട് സുഖവാസ കേന്ദ്രങ്ങള്‍ ഉണ്ടെന്നത് ഒഴിച്ചാല്‍ പറയത്തക്ക പദ്ധതികളൊന്നും ക്രിയാത്മകമായി ഇവിടെ നടപ്പിലാക്കിയിട്ടില്ല.സുഖവാസ കേന്ദ്രത്തില്‍ താമസിക്കാനായി നിരവധി വിദേശികള്‍ വരുന്നുണ്ടെങ്കിലും വെളിച്ചമില്ലായ്്മ അവരെ തീരത്തു നിന്നും അകറ്റുന്നു.

വെളിച്ചമില്ലായ്മ മുതലെടുത്തുകൊണ്ട് സാമൂഹ്യ ദ്രോഹികളുടെ അഴിഞ്ഞാട്ടമാണ് ഇപ്പോള്‍ കാപ്പാട് നടക്കുന്നത്.മദ്യപാനികളുടെയും മറ്റ് ലഹരി ഉപയോഗിക്കുന്നവരുടെയും കേന്ദ്രമായി മാറിയിരിക്കുകയാണിവിടെ. സഞ്ചാരികള്‍ക്ക് ഉപകാരപ്രദമാകുന്ന കഫ്റ്റീരിയ നടത്താന്‍ ആളെ ഏല്‍പ്പിച്ചിട്ടില്ല. മതിയായ ടോയ്‌ലറ്റ് സംവിധാനമില്ലായ്മയും സഞ്ചാരികളെ ബൂദ്ധിമുട്ടിലാക്കുന്നു.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മിച്ച ആര്‍ട്ട് ഗാലറിയുടെ പണി പാതിവഴില്‍ കിടക്കുകയാണ്. കെട്ടിടം പണി പൂര്‍ത്തിയായെങ്കിലും പൊതുജനത്തിന് ഉപകാരപ്പെടുന്ന തരത്തില്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല.
നവീകരണത്തിന്റെ ഭാഗമായി നിരവധി ലൈറ്റുകള്‍ വച്ചിട്ടുണ്ടെങ്കിലും ഒന്നും പ്രവര്‍ത്തിക്കുന്നില്ല.റോഡരികിലുള്ള സ്ട്രീറ്റ് ലൈറ്റും കത്താത്ത അവസ്ഥയാണ്.ബീച്ചിനെ ശുചിത്വമാക്കാന്‍ സ്ഥിരം സ്റ്റാഫ് ഇല്ലാത്തതിനാല്‍ ദിനംപ്രതി മാലിന്യങ്ങള്‍ തള്ളപ്പെടുകയാണ്.

കൊയിലാണ്ടി പൊലീസ് സ്റ്റേഷന്റെ കിഴിലുള്ള എയിഡ് പോസ്റ്റ് കാപ്പാട് ഉണ്ടെങ്കിലും മുതിര്‍ന്ന ഉദ്ദ്യോഗസ്ഥരുടെ കുറവ് പ്രശ്‌നങ്ങള്‍ കൃത്യമായി പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാക്കുന്നു. ലക്ഷക്കണക്കിന് രൂപ മുതല്‍മുടക്കി ചെയ്ത രണ്ടാംഘട്ട സൗന്ദര്യവല്‍ക്കരണവും അശാസ്ത്രീയമായ നിര്‍മ്മാണത്തിന്റെയും ആവശ്യമായ പരിചരണമില്ലായ്മയുടെയും ഭാഗമായി കാപ്പാട് നശിച്ചുകൊണ്ടിരിക്കുന്നു.
വിനോദ സഞ്ചാര കേന്ദ്രമായ കാപ്പാടിനെ സംരക്ഷിക്കുന്ന കാര്യത്തില്‍ പഞ്ചായത്തും ടൂറിസം വകുപ്പും കണ്ണടയ്ക്കുകയാണ്. വെളിച്ചമില്ലായ്മയും മാലിന്യങ്ങളുടെ വര്‍ദ്ധനവും സാമൂഹ്യ ദ്രോഹികളുടെ ശല്യവും അധികൃതരുടെ അനാസ്ഥയും കാപ്പാടിന്റെ പൊലിമ നശിപ്പിക്കുകയാണ്.

NO COMMENTS

LEAVE A REPLY