കര്‍ണാടകയില്‍ വോട്ടെണ്ണല്‍ തുടങ്ങി; ആദ്യ തരംഗങ്ങളില്‍ കോണ്‍ഗ്രസ്

ബെംഗളുരു: രാജ്യം കാത്തിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ആദ്യ തരംഗങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലം. 60 സീറ്റുകളിലെ ആദ്യ ലീഡ് നില അറിവായപ്പോള്‍ കോണ്‍ഗ്രസ് 23-ല്‍ ലീഡ് ചെയ്യുകാണ്. ബി.ജെ.പിക്ക് ഏഴും ജനതാദള്‍ സെക്യുലറിന് 10-ഉം സീറ്റുകളില്‍ ലീഡുണ്ട്.

അതിനിടെ, കോണ്‍ഗ്രസിന് ഭരിക്കാനുള്ള ഭൂരിപക്ഷം ഒറ്റക്ക് ലഭിച്ചില്ലെങ്കില്‍ സിദ്ധരാമയ്യക്ക് മുഖ്യമന്ത്രിയായി തുടരാന്‍ കഴിയില്ലെന്ന സൂചന ശക്തമായി. മുഖ്യമന്ത്രിപദത്തിനു വേണ്ടി പാര്‍ട്ടിക്കുള്ളില്‍ തന്നെ പത്തിലധികം പേര്‍ രംഗത്തുണ്ടെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. ദളിത് നേതാവ് ജി പരമേശ്വരയ്യ അടക്കമുള്ളവരാണ് രംഗത്തുള്ളത്. കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേരും പരിഗണനയിലുണ്ട്. ദളിത് മുഖ്യമന്ത്രിക്കു വേണ്ടി ഒഴിഞ്ഞു കൊടുക്കാന്‍ സന്നദ്ധനാണെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു.