കര്‍ണാടകയില്‍ ബി.ജെ.പിക്ക് പരാജയഭീതി; പുതിയ തന്ത്രങ്ങള്‍ തിരയുന്നു

കര്‍ണാടകയില്‍ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ ബി.ജെ.പിക്കെതിരെ പരാമര്‍ശവുമായി കോണ്‍ഗ്രസ്.ബി.ജെ.പി നിലവില്‍ പരാജയഭീതിയിലാണ്. ഇതാണ് അവരെ പുതിയ പദ്ധതികളിലേക്ക് നയിക്കുന്നതെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേശ് ഗുണ്ടറാവു ആരോപിച്ചു. എന്നാല്‍ ഇത് വോട്ടര്‍മാര്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന ഭീതിയിലാണ് ബിജെപി ഈ നീക്കം നടത്തുന്നത്. അവര്‍ നടത്തിയ സര്‍വേയില്‍ ഭൂരിപക്ഷത്തിന് വേണ്ട സീറ്റുകള്‍ ലഭിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മറ്റൊരു അട്ടിമറി ശ്രമം നടത്തുകയാണ് ബിജെപി. എന്നാല്‍ ജനം ഇത് അംഗീകരിക്കില്ല.അവരില്‍ നിന്ന് വലിയ പ്രതികരണം ഉണ്ടാകും. അപ്പോള്‍ സംസ്ഥാനത്ത് കാര്യങ്ങള്‍ നിയന്ത്രണാധീതമാകും. അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും കെപിസിസി അധ്യക്ഷന്‍ വ്യക്തമാക്കി. ബി.ജെ.പി യെ താഴെയിറക്കാന്‍ ജെഡിഎസുമായി സഖ്യത്തിന് തയ്യാറാണെന്ന് കഴിഞ്ഞ ദിവസം എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞിരുന്നു. ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തുക മാത്രമാണ് ലക്ഷ്യം. കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ ചെറിയ പിണക്കങ്ങള്‍ മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നാളെയാണ് കര്‍ണാടകത്തില്‍ 15 മണ്ഡലങ്ങളില്‍ നിര്‍ണായകമായ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കുറഞ്ഞത് ആറെണ്ണമെങ്കിലും ജയിച്ചാലാണ് യെദ്യൂരപ്പ സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടാകുക. ഭൂരിപക്ഷമില്ലെങ്കില്‍ വീണ്ടും കോണ്‍ഗ്രസ് – ജെഡിഎസ് സര്‍ക്കാരിലേക്ക് കര്‍ണാടക എത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

കഴിഞ്ഞ ദിവസം ഡി.കെ ശിവകുമാറും ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമിയും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയത് പുറത്തുവന്നിരുന്നു. ഇത് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിലുള്ള സര്‍ക്കാര്‍ കര്‍ണ്ണാടകയില്‍ വീണ്ടും അധികാരത്തില്‍ വരുന്നതിന്റെ സൂചനയാണ്. ഹുബ്ബള്ളി വിമാനത്താവളത്തിലെ വിഐപി ലോഞ്ചിലായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച്ച. വിമാനത്താവളത്തില്‍ വെച്ച് ഇരുവരും 20മിനിറ്റോളം സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, സൗഹൃദ സംഭാഷണങ്ങള്‍ മാത്രമാണ് നടത്തിയതെന്ന് ഇരുവരും പ്രതികരിച്ചു. ഡിസംബര്‍ അഞ്ചിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഡിസംബര്‍ ഒമ്പതിനാണ് പുറത്തുവരിക.

SHARE