കര്‍ണാടക അതിര്‍ത്തി അടച്ച സംഭവം; പ്രശ്‌നം പരിഹരിച്ചെന്ന് സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍


ന്യൂഡല്‍ഹി: കേരളവും കര്‍ണാടകയും തമ്മിലുള്ള അതിര്‍ത്തി പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്.

അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളെ തലപ്പാടി വഴി കര്‍ണാടകയിലേയ്ക്ക് കടത്തി വിടാന്‍ തീരുമാനമായതായും അതിനുള്ള പ്രോട്ടോകോള്‍ നിശ്ചയിച്ചതായും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. പ്രശ്‌നം ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നും തുഷാര്‍ മേത്ത അറിയിച്ചു. എന്നാല്‍ ആ മാര്‍ഗരേഖ എന്താണെന്ന് സോളിസിറ്റര്‍ ജനറല്‍ വിശദീകരിച്ചില്ല.

കേന്ദ്രത്തിന്റെ വിശദീകരണത്തെ തുടര്‍ന്ന് കോടതി ഹര്‍ജി തീര്‍പ്പാക്കി. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ബഞ്ചാണ് കേസ് പരിഹരിച്ചത്. അതേസമയം, കേരളത്തിന്റെ വാദം സുപ്രീംകോടതി കേട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ വാദം മാത്രം കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ തീരുമാനം.

കേരള ഹൈക്കോടതി വിധിക്കെതിരെ കര്‍ണാടകം നല്‍കിയ ഹര്‍ജിക്കെതിരായ കേരളത്തിന്റെ സത്യവാങ്മൂലമോ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ എന്നിവരുടെയോ വാദങ്ങളോ സുപ്രീംകോടതി കേട്ടില്ല. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ബഞ്ചാണ് കേസ് പരിഹരിച്ചത്.

കേന്ദ്ര സര്‍ക്കാരിന്റെ ഭാഗം മാത്രം കേട്ട് സുപ്രീംകോടതി എടുത്ത തീരുമാനത്തില്‍ ഉത്തരവ് പരിശോധിച്ച ശേഷം തുടര്‍ നടപടി ആലോചിക്കുമെന്ന് കേരളത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു.

വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് തുഷാര്‍മേത്ത സുപ്രീം കോടതിയില്‍ ഹാജരായത്.