മതത്തിന്റെ പേരില്‍ വോട്ടു ചോദിക്കുന്ന ബി.ജെ.പി നേതാക്കളുടെ ഭാര്യമാര്‍; വീഡിയോ പങ്കുവെച്ച് നടന്‍ പ്രകാശ് രാജ്

ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബി.ജെ.പി നേതാക്കളുടെ ഭാര്യമാര്‍ മതത്തിന്റെ പേരില്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്ന വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച് നടന്‍ പ്രകാശ് രാജ്.

ഹിന്ദുമതത്തിന്റെ ഉയര്‍ച്ചക്കായി ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്നാവശ്യപ്പെടുന്ന വീഡിയോയാണ് പ്രകാശ് രാജ് പങ്കുവെച്ചത്. ‘നോക്കൂ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ ഭാര്യ മതത്തിന്റെ പേരില്‍ വോട്ടിനുവേണ്ടി യാചിക്കുന്നത്. നിങ്ങളുടെ വര്‍ഗീയ രാഷ്ട്രീയം കണ്ട് ലജ്ജ് തോന്നുന്നു. ഇതാണോ നിങ്ങളുടെ സബ്കാ സാത്, സബ്കാ വികാസ്’ എന്നു ചോദിച്ചു കൊണ്ടാണ് താരം വീഡിയോ ഷെയര്‍ ചെയ്തത്.

അതിനിടെ, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരിട്ടാക്രമിക്കുന്ന തരത്തിലുള്ള ബി.ജെ.പിയുടെ പ്രചാരണ പരസ്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നിഷേധിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം സംസ്ഥാന ഇന്‍ഫര്‍മേഷന്‍ വകുപ്പാണ് പരസ്യം പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയത്.

30 മുതല്‍ 50 സെക്കന്റു വരെയുള്ള വീഡിയോകള്‍ സിദ്ധരാമയ്യ സര്‍ക്കാറിനെ വിമര്‍ശിക്കുന്നതായിരുന്നു. മെയ് 10 വരെ കന്നഡ ചാനലുകളില്‍ പരസ്യം പ്രദര്‍ശിപ്പിക്കാനായിരുന്നു ഉദ്ദേശം. എന്നാല്‍ പരസ്യങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് വ്യാഴാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയായിരുന്നു.

Watch Video: