കര്‍ണാടകയില്‍ 32 ബി.ജെ.പി എം.എല്‍.എമാര്‍ രാജിവെക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

ബെംഗളൂരു: ബി.ജെ.പി സര്‍ക്കാര്‍ കര്‍ണാടകയില്‍ നിലംപതിക്കുമെന്ന് സൂചനനല്‍കി കോണ്‍ഗ്രസ് നേതാവ് സി.എം ഇബ്രാഹീമ്. മന്ത്രി പദവി വാഗ്ദാനം ചെയ്താണ് കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരെ ബിജെപി മറുകണ്ടം ചാടിച്ചത്. എന്നാല്‍ അവരില്‍ എല്ലാവര്‍ക്കും മന്ത്രിപദവി നല്‍കാന്‍ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പക്ക് സാധിച്ചതുമില്ല.

വിമതര്‍ക്ക് മന്ത്രിപദവി നല്‍കിയതില്‍ യെഡിയൂരപ്പയ്‌ക്കെതിരെ പാര്‍ട്ടിയില്‍ അമര്‍ഷമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ 32 ബി.ജെ.പി എംഎല്‍എമാര്‍ ഉടന്‍ രാജിവയ്ക്കുമെന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ വെളിപ്പെടുത്തല്‍.

മുഴുവന്‍ വിമത എംഎല്‍എമാര്‍ക്കും മന്ത്രിപദവി നല്‍കിയില്ലെങ്കില്‍ രാജിവയ്ക്കുമെന്ന് മന്ത്രി രമേശ് ജാര്‍ഖിഹോളി മുന്നറിയിപ്പ് നല്‍കിയിരുന്നു. അത്തണി എംഎല്‍എ മഹേഷ് കുമത്തള്ളിയെ മന്ത്രിയാക്കാത്തതാണ് അദ്ദേഹം ഉന്നയിക്കുന്ന വിഷയം. യെഡിയൂരപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹായിച്ച പ്രധാന വിമതനാണ് മഹേഷ്. ഒരാഴ്ച്ചക്കകം 32 ബിജെപി എംഎല്‍എമാര്‍ രാജിവയ്ക്കുമെന്നാണ് വിലയിരുത്തുന്നത്. മുഖ്യമന്ത്രി യെഡിയൂരപ്പയോട് അതൃപ്തിയുള്ള ബിജെപി എംഎല്‍എമാരാണ് രാജിവയ്ക്കുക. ബിജെപി കേന്ദ്ര നേതാക്കള്‍ക്കും യെഡിയൂരപ്പയോട് അതൃപ്തിയുണ്ട്.

SHARE