കര്‍ണാടകയിലെ തദ്ദേശ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന്റെ തിരിച്ചുവരവില്‍ അത്ഭുതം കൂറി ശാഫി പറമ്പില്‍

ബംഗളുരു: ജനവിധിയില്‍ ഒരിക്കല്‍ കൂടി കര്‍ണാടക ഇന്ത്യയെ ഞെട്ടിച്ചിരിക്കുകയാണ്. ഒരു മാസം മുമ്പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വന്‍ വിജയത്തിനു പിന്നാലെ നടന്ന കര്‍ണാടകയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമാണ് കോണ്‍ഗ്രസ് കാഴ്ച വച്ചിരിക്കുന്നത്. ആകെയുള്ള 1361 വാര്‍ഡുകളില്‍ 509 സീറ്റില്‍ കോണ്‍ഗ്രസ് ആണു മുന്നില്‍. 366 സീറ്റോടെ ബി.ജെ.പി രണ്ടാമത്. ജെ.ഡി.എസിന് 174 സീറ്റ്. ബി.എസ്.പി മൂന്നും സി.പി.എം രണ്ടും നേടി.

ഫലത്തില്‍ കണ്ട അത്ഭുതം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് ശാഫി പറമ്പില്‍ എം.എല്‍.എ. ‘എന്താണ് സംഭവിക്കുന്നത്? ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വലിയ ജയത്തിന് ശേഷം 29ന് നടന്ന വോട്ടെടുപ്പാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇ.വി.എമ്മില്‍ മാത്രമാണ് വോട്ടെടുപ്പ് നടന്നത് എന്നതാണ്-ശാഫി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കര്‍ണാടക കോണ്‍ഗ്രസിനൊപ്പമാണ് എന്ന് തെളിയിക്കുന്നതാണ് ആകെ സീറ്റില്‍ നേടിയ 42 ശതമാനം വിജയം എന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ദിനേശ് ഗുണ്ടു റാവു ട്വീറ്റ് ചെയ്തിരുന്നു.

ഒരു മാസം മുമ്പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ജെ.ഡി.എസും ഒന്നിച്ചു നിന്നു മത്സരിച്ചപ്പോള്‍ ആകെയുള്ള 28 സീറ്റില്‍ 25 സീറ്റും ബി.ജെ.പി നേടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇരുവരും വേറിട്ടു മത്സരിച്ചിട്ടും കോണ്‍ഗ്രസ് വമ്പിച്ച മുന്നേറ്റമാണ് നടത്തിയത്.