കാസര്‍കോട്ടെ യുവതിയെയും കുഞ്ഞിനെയും തട്ടി കൊണ്ടു പോയ സംഭവം നാടകം; യുവതി കാമുകനോടൊപ്പം പിടിയില്‍

കാസര്‍കോട്: മലയോരത്തെ ഒന്നടങ്കം നടുക്കിയ തട്ടിക്കൊണ്ടു പോകല്‍ സംഭവം നാടകമാണെന്ന് പൊലിസ് അന്വേഷണത്തില്‍ സൂചന ലഭിച്ചു. യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ചുവെന്ന് പറയപ്പെടുന്ന വെളുത്ത മാരുതി കാര്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയതോടെയാണ് നീനുവിന്റെയും കുഞ്ഞിന്റെയും തിരോധാനം നാടകമാണെന്ന സൂചനയിലേക്ക് പോലീസിനെ എത്തിച്ചിരിക്കുന്നത്.

ചിറ്റാരിക്കല്‍ വെള്ളടുക്കത്തെ ബൈക്ക് മെക്കാനിക്കായ മനുവിന്റെ ഭാര്യ നീനു (22), മകന്‍ ഹരികൃഷ്ണന്‍ (മൂന്ന്) എന്നിവരെയാണ് തട്ടിക്കൊണ്ടുപോയതെന്നായിരുന്നു പരാതി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പോലീസ് പിടികൂടിയിരിക്കുകയാണ്. തന്നെ ആക്രിക്കച്ചവടക്കാരായ ചിലര്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതായി നീനു തന്നെയാണ് കരഞ്ഞു കൊണ്ട് ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചത്. മാലോത്തെ ബൈക്ക് മെക്കാനിക്കാണ് ഭര്‍ത്താവ് മനു. കൂടുതല്‍ ചോദിക്കുന്നതിനു മുമ്പ് തന്നെ ഫോണ്‍ കട്ട് ചെയ്തിരുന്നു. പിന്നീട് മൊബൈല്‍ സ്വിച്ച് ഓഫിലായിരുന്നു. അതിനു മുമ്പ് കഴുത്തില്‍ മുറിവേല്‍പിച്ച് ചോര ഒലിപ്പിച്ച നിലയില്‍ നീനുവിന്റെ ഫോട്ടോ ഭര്‍ത്താവിന്റെ വാട്സ്ആപ്പിലേക്ക് അയക്കുകയും ചെയ്തിരുന്നു. ഈ ഫോട്ടോ പരിശോധിച്ച പോലീസ് കഴുത്തിന് മുറിവേറ്റാല്‍ ഉണ്ടാകുന്ന രീതിയിലുള്ള ചോരയല്ല ഫോട്ടോയിലുള്ളതെന്ന് ഉറപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിക്ക് ഒരു യുവാവുമായി ബന്ധമുണ്ടെന്ന സൂചനകള്‍ ലഭിച്ചത്. കോട്ടയം സ്വദേശിനിയായ ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ട നീനുവും മനുവും തമ്മില്‍ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. വിവാഹത്തിനു ശേഷം നീനു ചെറുപുഴയിലെ ഒരു കടയില്‍ ജോലിക്ക് നിന്നിരുന്നു. ഇവിടെ വെച്ച് പ്രാപൊയിലിലെ ബിനു എന്ന യുവാവുമായി അടുപ്പത്തിലാണെന്നറിഞ്ഞതോടെ ജോലിക്ക് പോകുന്നത് ഭര്‍ത്താവ് വിലക്കിയിരുന്നു. ഇതിനു ശേഷമാണ് തട്ടിക്കൊണ്ടുപോയതായുള്ള സംഭവം ഉണ്ടായത്. യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയെന്ന് പറയപ്പെടുന്ന പോലീസ് പിടിച്ചെടുത്ത കാര്‍ ബിനുവിന്റെതാണ്

SHARE