കശ്മീരില്‍ പ്രിയപ്പെട്ടവരോട് ഫോണില്‍ സംസാരിക്കാന്‍ മണിക്കൂറുകള്‍ കാത്തിരിക്കണം; അനുവദിക്കുക രണ്ട് മിനിറ്റ് മാത്രം

പ്രത്യേകപദവി എടുത്തുകളഞ്ഞശേഷം ബന്ധുക്കളോടു സംസാരിക്കുന്നതിന് ജമ്മുകശ്മീരില്‍ അധികൃതര്‍ ഒരുക്കിയ സംവിധാനത്തിന്റെ സ്ഥിതി ഭീകരമാണ്.
മണിക്കൂറുകളോളം വരിനിന്നാല്‍ പ്രിയപ്പെട്ടവരോടു സംസാരിക്കാന്‍ കഴിയുക രണ്ടു മിനിറ്റുമാത്രം. മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചതിനുശേഷം ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫീസിലെ ഫോണിലൂടെ മാത്രമാണ് കശ്മീരിനു പുറത്തുള്ള വേണ്ടപ്പെട്ടവരുമായി സംസാരിക്കാന്‍ ഇവിടത്തുകാര്‍ക്കു കഴിയുക.

പറയാനുണ്ടാകുന്ന എല്ലാകാര്യങ്ങളും രണ്ടു മിനിറ്റിനുള്ളില്‍ ചുരുക്കേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോള്‍ കശ്മീരില്‍ ഉള്ളവര്‍ക്കുള്ളത്. അടക്കിപ്പിടിച്ച കരച്ചിലിനിടെ വാക്കുകള്‍ പുറത്തുവരില്ല. ഇതിനിടെ അനുവദിച്ച സമയവും തീരും. ബന്ധുക്കളുടെ മരണമറിയുന്നത് ദിവസങ്ങള്‍ക്കുശേഷമാണ്. പണമിടപാടുകളും പരീക്ഷകള്‍ സംബന്ധിച്ച വിവരങ്ങളും അറിയാന്‍ ബുദ്ധിമുട്ടേറെയാണ്.
ഓഗസ്റ്റ് അഞ്ചുമുതല്‍ കശ്മീര്‍താഴ്വര കടുത്ത നിയന്ത്രണത്തിലാണ്.