ജമ്മു കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു


ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ കേണല്‍, മേജര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 5 സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചു. വടക്കന്‍ കശ്മീരിലെ ഹന്ദ്വാരയിലെ ഗ്രാമത്തിലായിരുന്നു ഭീകരരുമായി ഏറ്റുമുട്ടലുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. രണ്ട് സൈനികരും ജമ്മു കശ്മീര്‍ പൊലീസ് ജവാനുമാണ് വീരമൃത്യു വരിച്ച മറ്റ് ഉദ്യോഗസ്ഥര്‍.

വീരമൃത്യു വരിച്ച 21 രാഷ്ട്രീയ റൈഫിള്‍സ് കമാന്‍ഡിങ് ഓഫിസറായ കേണല്‍ അശുതോഷ് ശര്‍മ നിരവധി ഭീകരവിരുദ്ധ ഓപറേഷനുകളുടെ ഭാഗമായിട്ടുള്ള ഉദ്യോഗസ്ഥനാണെന്ന് സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. രണ്ട് ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചു. ഹന്ദ്വാരയിലെ ഒരു വീട്ടിലെത്തിയ ഭീകരരുമായി 21 രാഷ്ട്രീയ റൈഫിള്‍സ് സംഘം ഏറ്റുമുട്ടുകയായിരുന്നു. വീട്ടില്‍ താമസമുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി.

കശ്മീരില്‍ സമീപകാലത്ത് ഒരു ഓപ്പറേഷനില്‍ ഇന്ത്യന്‍ സേനയ്ക്ക് ഇത്രയും സേനാംഗങ്ങളെ നഷ്ടപ്പെടുന്നത് ആദ്യം. ഹന്ദ്വാരയിലെ വീട്ടില്‍ ഭീകരര്‍ ബന്ദികളാക്കിയ ഏതാനും പേരെ രക്ഷിക്കാനുള്ള ദൗത്യമാണു സേനയുടെ 21 രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റ് ഏറ്റെടുത്തത്. വീടിനുള്ളില്‍ പ്രവേശിച്ച സേനാംഗങ്ങള്‍ ബന്ദികളെ രക്ഷിച്ചു. പിന്നാലെയുണ്ടായ ഏറ്റുമുട്ടലിലാണ് ഇവര്‍ വീരമൃത്യു വരിച്ചത്.

SHARE