കത്വ കേസ് വിചാരണക്കോടതി ജഡ്ജിയുടെ ഭാര്യക്ക് വിവരാവകാശ കമ്മീഷണറായി നിയമനം കേസ് അട്ടിമറിക്കാനെന്ന് ആശങ്ക

പത്താന്‍ കോട്ട്: കത്വ കേസിന്റ വിചാരണ നടക്കുന്ന പത്താന്‍ കോട്ട് ജില്ലാ കോടതിയില്‍ കേസിന്റെ വാദം കേള്‍ക്കുന്ന ജഡ്ജിയുടെ ഭാര്യ കമല്‍ ദീപ് ദണ്ഡാരിയെ ഹരിയാനയിലെ വിവരാവകാശ കമ്മീഷണറായി നിയമിച്ചു.ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ അദ്ധ്യക്ഷനായ മൂന്നംഗ സമിതിയാണ് നിയമനം നടത്തിയത്. ഇത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കത്വ പെണ്‍കുട്ടിയുടെ അഭിഭാഷകര്‍ പറഞ്ഞു.

വിചാരണ കോടതിയില്‍ പ്രതികള്‍ക്ക് വേണ്ട നിയമസഹായം ക്രോഡീകരിക്കുന്നത് പഞ്ചാബിലെ ഉത്തരവാദിത്വപ്പെട്ട ബി.ജെ.പി നേതാക്കളാണ്. നേരത്തെ പ്രതികള്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ അവര്‍ക്ക് വേണ്ടി ശ്രീനഗറില്‍ നടന്ന പ്രകടനത്തില്‍ ബി.ജെ.പി എം.എല്‍.എമാര്‍ പങ്കെടുത്തത് വിവാദമായിരുന്നു. ഹരിയാനയിലെ റിട്ട. ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരടങ്ങുന്ന 229 അപേക്ഷകരെ ഒഴിവാക്കിയാണ് കമല്‍ദീപ് ഭണ്ഡാരിയടങ്ങുന്ന മൂന്ന് പേരെ തെരഞ്ഞെടുത്തത്.കത്വ കേസ് വിചാരണ കോടതിയിലെ ജഡ്ജിയായ തേജ്വീന്ദര്‍ സിംഗിന്റെ ഭാര്യയായ ഇവര്‍ പഞ്ചാബിലെ സിനിമാ താരം കൂടിയാണ്. നേരത്തെ പഞ്ചാബില്‍ ബി.ജെ.പി-അകാലി ദള്‍ സഖ്യമന്ത്രിസഭയുടെ കാലത്ത് വിവരാവകാശ വകുപ്പില്‍ ഉന്നത തലത്തില്‍ നിയമിക്കപ്പെട്ട ഇവരെ പഞ്ചാബില്‍ കോണ്‍ഗ്രസ് മന്ത്രിസഭ അധികാരത്തിലെത്തിയപ്പോള്‍ പിരിച്ച് വിടുകയായിരുന്നു. ധൃതി പിടിച്ച് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പ് ഹരിയാനയില്‍ ബി.ജെ.പി സര്‍ക്കാര്‍നിയമനം നല്‍കിയത് കേസിലെ വിധിയെ സ്വാധീനിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോ എന്ന് ആശങ്കകള്‍ ഉയരുകയാണ്.

SHARE