ബി.ജെപിയെ ഇറക്കുക ലക്ഷ്യം; കര്‍ണ്ണാടകയില്‍ ജെഡിഎസുമായി അധികാരത്തിലേറാന്‍ തയ്യാറെന്ന് കോണ്‍ഗ്രസ്

ബാംഗളൂരു: കര്‍ണ്ണാടകയില്‍ ഉപതെരഞ്ഞെടുപ്പിന് രണ്ടുദിവസം ബാക്കി നില്‍ക്കെ ജെഡിഎസുമായി സഖ്യത്തിന് തയ്യാറാണെന്ന് വ്യക്തമാക്കി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തുക മാത്രമാണ് ലക്ഷ്യം. കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ ചെറിയ പിണക്കങ്ങള്‍ മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഒരു ചാനലിനോടായിരുന്നു കെ.സി വേണുഗോപാലിന്റെ പ്രതികരണം.

അതേസമയം, കോണ്‍ഗ്രസിലെ സിദ്ധരാമയ്യ വിഭാഗം, ജെഡിഎസുമായുള്ള സഖ്യത്തെ എതിര്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഡി കെ ശിവകുമാര്‍ ഉള്‍പ്പെടെയുളളവര്‍ക്കുളളത് ജെഡിഎസിനൊപ്പം സര്‍ക്കാരുണ്ടാക്കണമെന്ന ആവശ്യമാണ്. ഡിസംബര്‍ അഞ്ചിനാണ് കര്‍ണാടകത്തില്‍ 15 മണ്ഡലങ്ങളില്‍ നിര്‍ണായകമായ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കുറഞ്ഞത് ആറെണ്ണമെങ്കിലും ജയിച്ചാലാണ് യെദ്യൂരപ്പ സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടാകുക. ഭൂരിപക്ഷമില്ലെങ്കില്‍ വീണ്ടും കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിലേക്ക് കര്‍ണാടക എത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. നേരത്തെ, കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ താഴെ വീണിരുന്നു.

കഴിഞ്ഞ ദിവസം ഡി.കെ ശിവകുമാറും ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമിയും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയത് പുറത്തുവന്നിരുന്നു. ഇത് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിലുള്ള സര്‍ക്കാര്‍ കര്‍ണ്ണാടകയില്‍ വീണ്ടും അധികാരത്തില്‍ വരുന്നതിന്റെ സൂചനയാണ്. ഹുബ്ബള്ളി വിമാനത്താവളത്തിലെ വിഐപി ലോഞ്ചിലായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച്ച. വിമാനത്താവളത്തില്‍ വെച്ച് ഇരുവരും 20മിനിറ്റോളം സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, സൗഹൃദ സംഭാഷണങ്ങള്‍ മാത്രമാണ് നടത്തിയതെന്ന് ഇരുവരും പ്രതികരിച്ചു. ഡിസംബര്‍ അഞ്ചിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഡിസംബര്‍ ഒമ്പതിനാണ് പുറത്തുവരിക.

ഉപതെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് തിരിച്ചടിയാവുമെന്ന് കുമാരസ്വാമി പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ വീണ്ടും സഖ്യത്തിലെത്താന്‍ ഇരുപാര്‍ട്ടികളും താല്‍പ്പര്യപ്പെടുന്നുണ്ടെന്നാണ് വിവരം. എന്നാല്‍ വീണ്ടും മ