സര്‍ക്കാര്‍ ഖജനാവ് കാലിയാക്കി തെലുങ്കാന മുഖ്യമന്ത്രിയുടെ ‘നേര്‍ച്ച’

സര്‍ക്കാര്‍ ഖജനാവ് കാലിയാക്കി തെലുങ്കാന മുഖ്യമന്ത്രിയുടെ ‘നേര്‍ച്ച’

തിരുമല ക്ഷേത്ര സന്ദര്‍ശനത്തിന് കാണിക്ക നല്‍കുന്നത് 5.5 കോടി രൂപയുടെ സ്വര്‍ണ കിരീടം

ഹൈദരാബാദ്: സംസ്ഥാന ഖജനാവില്‍നിന്ന് കോടികള്‍ ചെലവിട്ട് തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ ക്ഷേത്ര സന്ദര്‍ശനം തുടരുന്നു. സംസ്ഥാന രൂപീകരണം യാഥാര്‍ത്ഥ്യമാകുന്നതിനായി നേര്‍ന്ന ‘നേര്‍ച്ച’ എന്ന പേരിലാണ് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് കോടികള്‍ ചെലവിട്ട് വിവിധ ക്ഷേത്രങ്ങള്‍ക്ക് കാണിക്കകള്‍ സമ്മാനിക്കുന്നത്. ഇന്നലെ നടന്ന തിരുമല ക്ഷേത്ര സന്ദര്‍ശനത്തില്‍ 5.5 കോടി രൂപ വില വരുന്ന സ്വര്‍ണ കിരീടമാണ് മുഖ്യമന്ത്രി സമ്മാനിച്ചത്.

kcr-offering-at-tirupati_650x400_71487670913

ആന്ധ്രാപ്രദേശിലെ പ്രസിദ്ധമായ തിരുമല ബാലാജി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്നതിനായി കുടുംബസമേതം പ്രത്യേക വിമാനത്തിലാണ് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു എത്തിയത്. മന്ത്രിമാരും മുതിര്‍ന്ന നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയെ അനുഗമിച്ചു. തെലുങ്കാന സര്‍ക്കാറിന്റെ ഉപദേശകനും മുന്‍ ടി.ടി.ഡി എക്‌സിക്യൂട്ടീവ് ഓഫീസറുമായ കെ.വി രാമനാചാരിക്കായിരുന്നു ക്ഷേത്ര സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളുടെ ചുമതല. സാലിഗ്രാമ ഹാരവും മകരകാന്തി കിരീടവുമാണ് മുഖ്യമന്ത്രി കാണിക്കയായി സമര്‍പ്പിച്ചതെന്ന് രാമനാചാരി പറഞ്ഞു. അഞ്ചു കോടിയിലധികം രൂപയാണ് ആഭരണങ്ങള്‍ നിര്‍മിക്കാനായി ചെലവു വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനങ്ങളുടെ നികുതിപ്പണം മുഖ്യമന്ത്രിയുടെ സ്വകാര്യ താല്‍പര്യങ്ങള്‍ക്കായി ചെലവഴിക്കുന്നതിനെതിരെ നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത് കാര്യമാക്കാതെയാണ് കെ.സി.ആര്‍ തിരുമലയിലെത്തിയത്. രണ്ടു ദിവസം മുമ്പ് നടന്ന സംസ്ഥാന മന്ത്രിസഭാ യോഗം കാണിക്ക സമര്‍പ്പിക്കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയിരുന്നു. സര്‍ക്കാര്‍ ആസ്പത്രികള്‍ക്ക് ആംബുലന്‍സുകള്‍, വീല്‍ചെയറുകള്‍ എന്നിവ വാങ്ങുന്നതിനായി ഉപയോഗിക്കുന്ന കോമണ്‍ ഗുഡ്‌സ് ഫണ്ടില്‍നിന്നാണ് കാണിക്ക വാങ്ങാന്‍ പണം ചെലവിടുന്നതെന്നാണ് വിമര്‍ശകര്‍ പറയുന്നത്.
സംസ്ഥാന രൂപീകരണം യാഥാര്‍ത്ഥ്യമായാല്‍ ആന്ധ്ര-തെലുങ്കാന മേഖലയിലെ എല്ലാ പ്രധാന ക്ഷേത്രങ്ങളും സന്ദര്‍ശിച്ച് വഴിപാട് നടത്താനായിരുന്നു ചന്ദ്രശേഖര റാവുവിന്റെ നേര്‍ച്ചയെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഇതിനു മുമ്പും നിരവധി ക്ഷേത്രങ്ങള്‍ക്ക് മുഖ്യമന്ത്രി കോടികള്‍ വില വരുന്ന കാണിക്കകള്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സംസ്ഥാന രൂപീകരണത്തിന് മുമ്പ് ഒരിക്കല്‍ പോലും താന്‍ നേര്‍ച്ച നേര്‍ന്നതായി ചന്ദ്രശേഖര റാവു പറഞ്ഞിട്ടില്ലെന്നും ഇപ്പോഴത്തെ നീക്കത്തില്‍ ദുരൂഹതയുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷണം വേണമെന്നുമാണ് വിമര്‍ശകരുടെ പക്ഷം.

NO COMMENTS

LEAVE A REPLY