ഗൾഫ് പര്യടനം അവസാനിപ്പിച്ച് ബ്ലാസ്റ്റേഴ്സ്; നാളെ നാട്ടിലേക്ക് മടങ്ങും

കൊച്ചി: യു.എ.ഇയില്‍ പ്രീസീസണ്‍ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് പാതിവഴിയില്‍ തങ്ങളുടെ പര്യടനം അവസാനിപ്പിക്കുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സ് പ്രതിനിധികൾ ഇക്കാര്യം സ്ഥിരീകരിച്ചു. സ്പോൺസർമാർ കരാർ വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്നാണ് ബ്ലാസ്റ്റേഴ്സ് സീസൺ അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്നത്. നാളെ കൊച്ചിയിലെത്തുന്ന ടീം ഇവിടെ തന്നെ പരിശീലനം നടത്തും.

ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ വന്നിറങ്ങിയപ്പോള്‍ യു.എ.ഇയില്‍ സംഘാടകരില്‍ നിന്ന് ലഭിച്ച പരിഗണന അത്ര മികച്ചതായിരുന്നില്ലെന്ന പരാതി നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. സംഘാടകരുടെ ഭാഗത്തു നിന്നും നിരന്തര വീഴ്ച്ചകളുണ്ടായെന്ന അമര്‍ഷം ആരാധകര്‍ക്കിടയിലും ശക്തമാണ്.

ദുബൈ ആസ്ഥാനമായ മിച്ചി സ്‌പോര്‍ട്‌സുമായി സഹകരിച്ചാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രീസീസണ്‍ ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവുമധികം ആരാധകരുള്ള ടിമിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ പോലും സ്പോൺസർമാർക്ക് സാധിച്ചില്ല.

മോശം അനുഭവമാണ് വിദേശ താരങ്ങളടക്കമുള്ള ബ്ലാസ്റ്റേഴ്സിനും ഡച്ച് കോച്ച് എൽകോ ഷറ്റോരിക്കും ഏറ്റുവാങ്ങേണ്ടി വന്നത്. താമസ സൗകര്യം തുടങ്ങി ഭക്ഷണം മുതൽ പരിശീലനത്തിന് വരെ മികച്ച സൗകര്യങ്ങൾ ഒരുക്കാൻ സ്പോൺസർമാർക്ക് സാധിച്ചില്ലെന്ന് ആരോപണമുണ്ട്.

മലയാളി പ്രവാസി ആരാധകരിൽ നിന്നും നല്ല തുക ഈടാക്കിയാണ് പ്രീ സീസൺ ടിക്കറ്റുകൾ വില്പന നടത്തിയത്. സെപ്റ്റംബർ 28 വരെയായിരുന്നു പര്യടനം നിശ്ചയിച്ചിരുന്നത്. ദിബ്ബ അൽ ഫുജൈർ എഫ്.സിയോട് ആദ്യ‌മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയിരുന്നു. നാളെ രണ്ടാം മത്സരം നടക്കാനിരിക്കെയാണ് ടീമിന്റെ പിന്മാറ്റം.

SHARE