കോവിഡ് രോഗികള്‍ കൂടുതലും പതിനൊന്നിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ളവര്‍; കേരളത്തിലെ കണക്കുകള്‍ ഇങ്ങനെ

കൊച്ചി: കേരളത്തിലെ കോവിഡ് വ്യാപനത്തെ കുറിച്ചുള്ള കണക്കുകള്‍ പുറത്ത്. ആദ്യത്തെ 500 രോഗികളില്‍ നടത്തിയ പഠനത്തില്‍ കോവിഡ് ബാധിതരില്‍ കൂടുതല്‍ പുരുഷന്മാരാണെന്നും പതിനൊന്നിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ളവരാണ് 70 ശതമാനത്തോളം രോഗികളെന്നും കണ്ടെത്തി. രോഗലക്ഷണങ്ങളില്‍ ഏറ്റവും കൂടുതല്‍ കണ്ടത് തൊണ്ട വേദനയാണ്. െ

42 ശതമാനത്തോളം പേര്‍ ഒരു രോഗലക്ഷണവും ഇല്ലാത്തവരും 58 ശതമാനം ആള്‍ക്കാര്‍ രോഗലക്ഷണം ഉള്ളവരും ആയിരുന്നെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അതേസമയം ഏകദേശം .6ശതമാനം രോഗികള്‍ മാത്രമാണ് വളരെ ഗുരുതരമായിട്ടുള്ള രോഗം പ്രകടിപ്പിച്ചത്.

ശരീരവേദന, തലവേദന എന്നിവ 10 ശതമാനത്തോളം രോഗികളില്‍ കണ്ടെത്തിയപ്പോള്‍ മണം തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ, ഛര്‍ദ്ദി തുടങ്ങിയവ താരതമ്യേന കുറഞ്ഞ തോതില്‍ കാണുന്ന രോഗലക്ഷണങ്ങള്‍ ആയിരുന്നെന്നും പഠത്തില്‍ കണ്ടെത്തി.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകം ഭാരവാഹിയായ ഡോ. സുള്‍ഫി നൂഹ് കേരളത്തിന്റ ഡാറ്റ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

പോസ്റ്റിന്റെ പൂര്‍ണരൂപം

അങ്ങനെ കേരളത്തിന്റ ഡാറ്റയും പുറത്ത്

കോവിഡ്19 പൊട്ടിപ്പുറപ്പെട്ട ആദ്യ നാളുകള്‍ മുതല്‍ ഐഎംഎ ആവശ്യപ്പെട്ടുവന്നതാണ് കേരളത്തിലെ രോഗവ്യാപനത്തിനെ കുറിച്ചുള്ള കണക്കുകള്‍ പുറത്തുവിടണമെന്നും അതിന്റെ വിശകലനത്തിലൂടെ യുദ്ധ തന്ത്രങ്ങള്‍ മാറ്റി പണിയണമെന്നും .

കണക്കുകള്‍ ഇങ്ങനെ

1.പുരുഷന്മാരില്‍ കൂടുതല്‍ ഏതാണ്ട് 73%
2.70 ശതമാനത്തോളം രോഗികളും പതിനൊന്നിനും നാല്‍പ്പതിനും ഇടയില്‍ ഉള്ളവര്‍
3.മരണ നിരക്ക് വെറും .6 ശതമാനത്തിന് ചുറ്റുവട്ടം
4.രോഗലക്ഷണങ്ങളില്‍ ഏറ്റവും കൂടുതല്‍ കണ്ടത് തൊണ്ട വേദനയാണ് തൊട്ടുപിന്നാലെ ചുമയും പിന്നെ പനിയും
5.ശരീരവേദന തലവേദന എന്നിവയും 10 ശതമാനത്തിന് അടുപ്പിച്ച് രോഗികളില്‍ കണ്ടു
6.മണം തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ ഛര്‍ദ്ദി തുടങ്ങിയവ താരതമ്യേന കുറഞ്ഞ തോതില്‍ കാണുന്ന രോഗലക്ഷണങ്ങള്‍ ആയിരുന്നു.
7.42 ശതമാനത്തോളം പേര്‍ ഒരു രോഗലക്ഷണവും ഇല്ലാത്തവരും 58 ശതമാനം ആള്‍ക്കാര്‍ രോഗലക്ഷണം ഉള്ളവരും ആയിരുന്നു.
8.കാറ്റഗറി സി അതായത് ഗുരുതരമായ രോഗലക്ഷണം ഉള്ളവര്‍ 4 ശതമാനത്തിന് ചുറ്റുവട്ടം
9.രോഗലക്ഷണം ഉള്ളവരില്‍ കൂടുതല്‍ നാള്‍ പോസിറ്റീവായി കണ്ടപ്പോള്‍ രോഗലക്ഷണം ഇല്ലാത്തവരില്‍ ആര്‍ ടി പി സി ആര്‍ കുറച്ചുനാള്‍ മാത്രമാണ് പോസിറ്റിവിറ്റി കാണിച്ചത്.
10.ഏതാണ്ട് .6ശതമാനം മാത്രമാണ് വളരെ സീരിയസ് ആയിട്ടുള്ള വളരെ കടുത്ത രോഗം പ്രകടിപ്പിച്ചത്.
11.രോഗ ലക്ഷണം ഉള്ള ആള്‍ക്കാര്‍ സ്വാഭാവികമായും കൂടുതല്‍ നാള്‍ ആശുപത്രിയില്‍ നില്‍ക്കേണ്ടി വന്നു
12.17 ശതമാനത്തോളം ആള്‍ക്കാര്‍ക്ക് മറ്റ് രോഗങ്ങള്‍ , ഡയബറ്റിസ് പ്രഷര്‍ മുതലായവ ഉണ്ടായിരുന്നു
13.ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഉണ്ടായിരുന്നത് ഡയബറ്റിസ് രക്താതിസമ്മര്‍ദ്ദം എന്നിവയാണ്.
14.രോഗലക്ഷണം കണ്ടതുമുതല്‍ ചികിത്സ ആരംഭിക്കാന്‍ എടുത്ത സമയദൈര്‍ഘ്യം 3 ദിവസത്തില്‍ താഴെയാണ്.
15.ആര്‍ ടി പി സി ആര്‍ നെഗറ്റീവ് ആകുവാന്‍ എടുത്ത് ഏതാണ്ട് 13 ദിവസവും ആശുപത്രിയില്‍ കിടക്കേണ്ടി വന്നത് 14 ദിവസവും എന്ന് കണ്ടെത്തി.
16.ഐ സി യു അഡ്മിഷന്‍ ഒരു ശതമാനം രോഗികളിലും ഓക്‌സിജന്‍ തെറാപ്പി ഒരു ശതമാനം രോഗികളിലും വെന്റിലേറ്റര്‍ ദശാംശം 5 ശതമാനം രോഗികളിലും വേണ്ടിവന്നു

പഠനങ്ങള്‍ ഇനിയും ധാരാളം വേണം.

ഇത് ആദ്യത്തെ 500 രോഗികളില്‍ നടത്തിയ പഠനം .കേസുകളുടെ എണ്ണം മൊത്തം ഏതാണ്ട് ആറായിരത്തില്‍ എത്തിയിട്ടുണ്ട്.
പഠനം തുടരണം
ഇത്തരം ഡേറ്റകള്‍ പബ്ലിഷ് ചെയ്യുകയും അത് രാജ്യാന്തര ജേര്‍ണലുകളില്‍ പ്രസിദ്ധീകരിക്കുകയും അത്തരം പ്രസിദ്ധീകരണങ്ങള്‍ ആധുനികവൈദ്യശാസ്ത്രംവേദികളില്‍ ചര്‍ച്ച ചെയ്യപ്പെടുകയും വേണം.
അങ്ങനെ വേണം ആരോഗ്യ മേഖലയിലെ മോഡല്‍ വീണ്ടും വീണ്ടും പ്രസക്തംമാകാനുള്ളത്.

ഡോ സുല്‍ഫി നൂഹു

SHARE