പ്രളയമേഖലകള്‍ സന്ദര്‍ശിക്കാനൊരുങ്ങി രാഹുല്‍ ഗാന്ധി; ചൊവ്വാഴ്ച കേരളത്തിലെത്തും

ന്യൂഡല്‍ഹി: മഹാപ്രളയത്തെ തുടര്‍ന്ന് ദുരിതത്തിലായി കേരളത്തിലെ മേഖലകളില്‍ സന്ദര്‍ശിക്കാനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തും. ചൊവ്വാഴ്ചയാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തുക.

ആഗസ്ത് 28 ന് സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ രാഹുല്‍ സന്ദര്‍ശനം നടത്തും. ഓഗസ്റ്റ് 29 ന് വയനാട് ജില്ലയില്‍ ബാണാസുര സാഗര്‍ ഡാം തുറന്നു വിട്ട് നാശനഷ്ടമുണ്ടായ കോട്ടത്തറ ഗ്രാമം സന്ദര്‍ശിക്കും.

പ്രളയത്തില്‍ നിന്ന് കരകയറുന്ന കേരളത്തിന് അഞ്ച് ലക്ഷം രൂപയുടെ 1000 വീടുകള്‍ വച്ചു നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മത്സ്യത്തൊഴിലാളികളെ ആദരിക്കുകയും ചെയ്യും. നേരത്തെ രാജ്യത്തെ മുഴുവന്‍ കോണ്‍ഗ്രസ് എംപിമാരും എം.എല്‍എമാരും അവരുടെ ഒരു മാസത്തെ ശബളം കേരളത്തിന് നല്‍കാന്‍ തീരുമാനം എടുത്തതാണ്.

രണ്ട് ചടങ്ങുകളും രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിക്കാണ് വീട് നിര്‍മ്മാണ ചുമതല. നിലവില്‍ ലണ്ടന്‍ സന്ദര്‍ശനത്തിലാണ് രാഹുല്‍.