കേരളത്തെ മദ്യത്തില്‍ മുക്കി ഇടത് സര്‍ക്കാര്‍; തിരുവനന്തപുരത്തെ കുട്ടികളുടെ പട്ടിണിക്കു പിന്നില്‍ പിതാവിന്റെ മദ്യപാനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഉപ്പിടാംമൂട് പാലത്തിനു സമീപം റെയില്‍വേ പുറംപോക്ക് കോളനിയില്‍ പട്ടിണികൊണ്ട് മണ്ണുവാരിത്തിന്നുന്ന കുട്ടികളെക്കുറിച്ച് പുറംലോകമറിഞ്ഞത് ഇന്നലെയാണ്. രണ്ടു കുഞ്ഞു മക്കളുള്‍പ്പെടെ ആറുമക്കളാണ് ശ്രീദേവിക്കുള്ളത്. ശിശുക്ഷേമ സമതിയോട് മക്കളെ ഏറ്റെടുക്കാന്‍ ശ്രീദേവി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പട്ടിണിയെക്കുറിച്ചറിഞ്ഞ് വീട് സന്ദര്‍ശിക്കാനെത്തിയ ശിശുക്ഷേമ സമിതി പ്രവര്‍ത്തകരോട് പിതാവിന്റെ മദ്യപാനത്തെക്കുറിച്ചും ക്രൂരമായ പെരുമാറ്റത്തെക്കുറിച്ചും കുട്ടികള്‍ വിവരിച്ചു. മരംകയറ്റ തൊഴിലാളിയായ കുഞ്ഞുമോന്‍ കുട്ടികളേയും ഭാര്യയേയും നിരന്തരം മര്‍ദ്ദിക്കാറുണ്ടായിരുന്നു. കുട്ടികളുടെ ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ പാടുകളുമുണ്ട്. അമിത മദ്യപാനമാണ് കുഞ്ഞുമോന്റെ സ്വഭാവ വൈകല്യത്തിന് പിന്നിലെന്ന് ശ്രീദേവിയും പറഞ്ഞു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ മദ്യനയം വീണ്ടും ചര്‍ച്ച ചെയ്യേണ്ടത്. മദ്യപാനം കുടുംബബന്ധങ്ങള്‍ തകര്‍ക്കുന്ന സാഹചര്യമാണ് നിലവില്‍ കേരളത്തില്‍ കണ്ടുവരുന്നത്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന മദ്യനയമല്ല പിണറായി സര്‍ക്കാരിന്റെ നയം. ഈ സര്‍ക്കാര്‍ കേരളത്തെ മദ്യത്തില്‍ മുക്കുകയാണ്. യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ ജനകീയ മദ്യനയം ഇടത് സര്‍ക്കാര്‍ പെളിച്ചെടുത്തത് ഓര്‍ക്കാപ്പുറത്താണ് കുടുംബങ്ങള്‍ക്ക് മീതെ പതിച്ചത്. മദ്യ മുതലാളിമാര്‍ക്ക്‌വേണ്ടി നയം മാറ്റിയ സര്‍ക്കാര്‍ ജനങ്ങളെ മറക്കുകയായിരുന്നു. മദ്യ മുതലാളിമാരോടാണ് തങ്ങളുടെ സ്‌നേഹമെന്ന് സര്‍ക്കാര്‍ വിളിച്ചറിയിച്ചു. കേരളത്തില്‍ മദ്യം ഇപ്പോള്‍ സുലഭമാണ്. പിണറായി സര്‍ക്കാര്‍ ഇവ്വിധം ഉദാരമാക്കിയതിനു പിന്നില്‍ ഇടതുമുന്നണിക്ക് വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. അത് അഴിമതിതന്നെ. നേരത്തെ നിരോധിത മേഖലയായിരുന്ന സ്‌കൂള്‍ – ആരാധനാലയ പരിസരങ്ങളില്‍പോലും മദ്യം വില്‍ക്കാന്‍ കഴിയുന്ന സ്ഥിതിയാണിപ്പോള്‍.

ത്രീ സ്റ്റാറിനും അതിനുമുകളിലും നക്ഷത്ര നിലവാരമുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിച്ചും ബാറുകളുടെ പ്രവര്‍ത്തന സമയം അര്‍ധരാത്രി വരെ നീട്ടിയും സര്‍ക്കാര്‍ വിപത്ത് ക്ഷണിച്ചുവരുത്തുകയായിരുന്നു. മദ്യ ലഭ്യത കുറച്ച് യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയം പാടെ പൊളിച്ചഴുതിയാണ് പുതിയ നയം ഇടതു സര്‍ക്കാര്‍ കൊണ്ടുവന്നത്. 2017 ജൂലൈ ഒന്നിനാണ് പുതിയ നയം പ്രാബല്യത്തില്‍വന്നത്. അതു വരെ ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍ക്കുമാത്രമാണ് ബാര്‍ ലൈസന്‍സ് ഉണ്ടായിരുന്നത്. 2017 ജൂലൈ മുതല്‍ ത്രീസ്റ്റാറിനും അതിനുമുകളിലും സ്റ്റാര്‍ ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് (എഫ്.എല്‍ 3) നല്‍കി മദ്യം സുലഭമാക്കി. എഫ്.എല്‍ 3, എഫ്.എല്‍ 11 ലൈസന്‍സുള്ള റസ്‌റ്റോറന്റുകളില്‍ മദ്യം വിളമ്പാനും അനുമതി നല്‍കി. വിദേശമദ്യ ചട്ടമനുസരിച്ച് നല്‍കുന്ന ബിയര്‍, വൈന്‍ പാര്‍ലറുകള്‍ ഉള്‍പ്പെടെയുള്ള മറ്റു ലൈസന്‍സുകള്‍ അനുവദിച്ചു. ത്രീ സ്റ്റാറിനും അതിനു മുകളിലും സ്റ്റാര്‍ ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകള്‍ക്കു ശുദ്ധമായ കള്ള് വിതരണം ചെയ്യാനും അനുവാദം നല്‍കി. ബാറുകള്‍ നിശ്ചിത ഫീസ് അടച്ചാല്‍ ഇഷ്ടമുള്ളിടത്ത് മദ്യ കൗണ്ടറുകള്‍ തുറക്കാനും അനുമതി നല്‍കി. വിമാനത്താവളങ്ങളില്‍ അന്താരാഷ്ട്ര ലോഞ്ചുകള്‍ക്കൊപ്പം ആഭ്യന്തര ലോഞ്ചുകളിലും വിദേശമദ്യം ലഭ്യമാക്കി. ബാറുകളുടെ പ്രവര്‍ത്തനസമയം രാവിലെ 9.30 മുതല്‍ രാത്രി 10 വരെ എന്നുള്ളത് രാവിലെ 11 മണി മുതല്‍ രാത്രി 11 മണി വരെയാക്കി. ടൂറിസം മേഖലയില്‍ സമയം രാവിലെ 10 മുതല്‍ രാത്രി 11 മണി വരെയാക്കി.

സുപ്രീംകോടതി ഉത്തരവനുസരിച്ച് ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ 500 മീറ്ററിനുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന എല്ലാ മദ്യവില്‍പന ശാലകളും യു.ഡി.എഫ് സര്‍ക്കാര്‍ അടച്ചുപൂട്ടിയിരുന്നു. എന്നാല്‍ റോഡിന്റെ പേര് മാറ്റി ഇവയ്ക്ക് അതേ താലൂക്കില്‍ ദേശീയ, സംസ്ഥാന പാതയോരത്തുനിന്ന് 500 മീറ്റര്‍ മാറി പ്രവര്‍ത്തിക്കാന്‍ ഇടത് സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തു. വിവിധ ഘട്ടങ്ങളിലായി യു.ഡി.എഫ് സര്‍ക്കാര്‍ അടച്ചുപൂട്ടിയ മിക്ക ബാറുകളും മദ്യവില്‍പ്പനശാലകളും തുറക്കാന്‍ അവസരം ഒരുക്കുകയായിരുന്നു പിണറായി സര്‍ക്കാര്‍. 2014 മാര്‍ച്ച് 31നാണ് യു.ഡി.എഫ് സര്‍ക്കാര്‍ മദ്യനയം അനുസരിച്ച് നിലവാരമില്ലാത്ത 418 ബാറുകള്‍ അടച്ചുപൂട്ടിയത്. 2014 ഒക്ടോബര്‍ 30ന് ടൂ സ്റ്റാര്‍, ത്രീ സ്റ്റാര്‍ പദവിയുള്ള 250 ബാറുകള്‍കൂടി പൂട്ടി. ഇതോടെ സംസ്ഥാനത്തെ ആകെ ബാറുകളുടെ എണ്ണം 62 ആയി ചുരുങ്ങിയിരുന്നു. എന്നാല്‍ പിറ്റേദിവസം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി പ്രകാരം അടച്ചുപൂട്ടിയ ത്രീസ്റ്റാര്‍, ടൂസ്റ്റാര്‍ ബാറുകള്‍ തുറന്നു. കോടതി അനുമതിയോടെ മറ്റ് 12 ബാറുകളും തുറന്നു. എന്നാല്‍ യു.ഡി.എഫ് സര്‍ക്കാര്‍ ലൈസന്‍സ് പുതുക്കി നല്‍കാതിരുന്നതോടെ 2015 മാര്‍ച്ച് 31ന് ഈ ബാറുകള്‍ വീണ്ടും അടച്ചുപൂട്ടി. പിന്നീട് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ദേശീയ, സംസ്ഥാന പാതകള്‍ക്കരികില്‍ പ്രവര്‍ത്തിച്ചിരുന്ന 1956 മദ്യശാലകള്‍ എക്‌സൈസ് അടച്ചുപൂട്ടി മുദ്രവച്ചു. 137 ബിവറേജസ് ഔട്‌ലെറ്റുകള്‍, എട്ട് ബാര്‍ ഹോട്ടലുകള്‍, 18 ക്ലബ്ബുകള്‍, 532 ബിയര്‍വൈന്‍ പാര്‍ലറുകള്‍, 1902 കള്ളുഷാപ്പുകള്‍ എന്നിവയാണ് കോടതി വിധിയിലൂടെ അടച്ചുപൂട്ടിയത്. അതേ സമയം ഇടത്‌സര്‍ക്കാറിന്റെ പുതിയ മദ്യനയത്തോടെ ഈ ബാറുകള്‍ക്കെല്ലാം വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ അവസരം ഒരുക്കുകയായിരുന്നു. മദ്യവര്‍ജന നയമാണ് തങ്ങളുടേതെന്ന് ഉദ്‌ഘോഷിച്ച ഇടത് സര്‍ക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ മദ്യമൊഴുക്കുകയായിരുന്നു.

രാവിലെ പതിനൊന്നു മുതല്‍ രാത്രി 11 വരെ ബാറുകള്‍ക്ക് പ്രവൃത്തിസമയം അനുവദിച്ചത് സമാധാന ലംഘനങ്ങള്‍ക്കും കുടുംബവഴക്കുകള്‍ക്കും കാരണമായെന്ന് െ്രെകം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. യു.ഡി.എഫ് സര്‍ക്കാരിന്റെ നയംമൂലം അക്രമങ്ങളും കുടുംബവഴക്കും കുറഞ്ഞു. ആത്മഹത്യാ നിരക്ക്, വാഹനാപകടങ്ങള്‍, കുടുംബബന്ധങ്ങളുടെ തകര്‍ച്ച തുടങ്ങിയവ ഗണ്യമായി കുറഞ്ഞു. 20 ശതമാനം ബിവറേജ് ഔട്‌ലെറ്റുകളാണ് യു.ഡി.എഫ് സര്‍ക്കാര്‍ പൂട്ടിച്ചത്. യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന രണ്ട് വര്‍ഷക്കാലയളവില്‍ 3.49 കോടി ലിറ്റര്‍ മദ്യ ഉപഭോഗമാണ് കേരളത്തില്‍ കുറഞ്ഞത്.

ഒരു കൊല്ലം കേരളം കുടിച്ചുതീര്‍ക്കുന്ന മദ്യത്തിന്റെ അളവ് ഏകദേശം 26 കോടി ലിറ്ററാണ്. മദ്യത്തിന്റെ 10 ശതമാനം ആമാശയത്തില്‍നിന്നും 90 ശതമാനം ചെറുകുടലില്‍ നിന്നുമാണ് ശരീരം വലിച്ചെടുക്കുന്നത്. കഴിച്ചു കഴിഞ്ഞാല്‍ 45 മുതല്‍ 60 മിനിട്ടിനുളളില്‍തന്നെ രക്തത്തില്‍ പരമാവധി അളവിലെത്തുന്നു. വലിച്ചെടുക്കപ്പെട്ട മദ്യം ഉടന്‍ ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തുന്നു. വലിച്ചെടുക്കപ്പെട്ട മദ്യത്തിന്റെ 90 ശതമാനവും കരള്‍ വിഘടിപ്പിച്ച് നിരുപദ്രവ വസ്തുക്കളാക്കി ശരീരത്തില്‍നിന്നും ശ്വാസത്തിലൂടെയും മൂത്രത്തിലൂടെയും വിയര്‍പ്പിലൂടെയും പുറംതള്ളുന്നു. ലഹരിമൂലം കാലക്രമേണ വ്യക്തി കഴിക്കുന്ന മദ്യത്തിന്റെ അളവും കഴിക്കുന്ന ദിവസങ്ങളും കൂടിക്കൊണ്ടു വരുന്നു. മാത്രമല്ല ലഹരി നിലനിര്‍ത്താന്‍ വ്യക്തിക്ക് കൂടുതല്‍ അളവില്‍ മദ്യപിക്കേണ്ടിവരുന്നു. മദ്യപാനത്തെ സ്വയം ന്യായീകരിക്കാന്‍ സാമ്പത്തിക പ്രശ്‌നങ്ങളാലോ, കുടുംബ പ്രശ്‌നങ്ങളാലോ ആണ് താന്‍ മദ്യപിക്കുന്നതെന്ന് വിശ്വസിക്കാന്‍ ശ്രമിക്കുന്നു. കുടുംബ ബന്ധം തകരല്‍, ദാമ്പത്യബന്ധംവേര്‍പെടല്‍, ജോലി നഷ്ടപ്പെടല്‍, ശാരീരികാരോഗ്യം കുറയുക തുടങ്ങിയ നിരവധി പ്രശ്‌നങ്ങളാല്‍ ഇവരുടെ ജീവിതം ദുരിതപൂര്‍ണ്ണമാകുന്നു. പല മാനസിക രോഗങ്ങളും മദ്യപിക്കുന്നവരില്‍ കൂടുതലായി കണ്ടുവരുന്നു. വിഷാദ രോഗം മദ്യപരില്‍ സാധാരണമാണ്. മദ്യപരില്‍ ആത്മഹത്യാനിരക്ക് 15 ശതമാനമാണ്. ഇത്തരത്തില്‍ ദുരിതം മാത്രം വിതക്കുന്ന മദ്യത്തെ കേരളത്തില്‍ സുലഭമാക്കാന്‍ എല്ലാ പണിയും ചെയ്യുന്ന ഇടത് സര്‍ക്കാര്‍ മലയാളി കുടുംബങ്ങളോട് അക്ഷരാര്‍ത്ഥത്തില്‍ കടുത്ത ദ്രോഹമാണ് ചെയ്യുന്നത്. യു.ഡി.എഫ് കൊണ്ടു വന്ന മദ്യ നയത്തിലേക്ക് കേരളം തിരിച്ചുപോകേണ്ടിയിരിക്കുന്നു.

SHARE