സഞ്ചാരികളുടെ വരവില്‍ വന്‍ വര്‍ധന; കഴിഞ്ഞ വര്‍ഷം കേരളം സന്ദര്‍ശിച്ചത് 1.57 കോടി വിനോദ സഞ്ചാരികള്‍

തിരുവനന്തപുരം: കേരളം സന്ദര്‍ശിച്ച വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 15.54 ലക്ഷം വിദേശ-ആഭ്യന്തര ടൂറിസ്റ്റുകളാണ് മുന്‍ വര്‍ഷത്തെക്കാള്‍ അധികമായി 2017ല്‍ കേരളത്തിലെത്തിയത്. 2016ല്‍ 1,42,10,954 സഞ്ചാരികളാണ് കേരളം സന്ദര്‍ശിച്ചതെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇത് 1,57,65,390 ആയി ഉയര്‍ന്നു. അതായത് 10.94 ശതമാനത്തിന്റെ വര്‍ധന.
ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ 11.39 ശതമാനം വളര്‍ച്ചയും വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ 5.15 ശതമാനം വര്‍ദ്ധനവാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടെ ഏറ്റവുമധികം ആഭ്യന്തര ടൂറിസ്റ്റുകള്‍ വന്നതും കഴിഞ്ഞ വര്‍ഷമാണ്. 1,46,73,520 ആഭ്യന്തര സഞ്ചാരികളാണ് 2017ല്‍ കേരളത്തിലെത്തിയത്. ഇവരില്‍ ഏറ്റവുമധികം പേരും സന്ദര്‍ശിച്ചത് കൊച്ചിയാണ്. സമീപത്തുള്ള ഫോര്‍ട്ട് കൊച്ചി (2,02,535), മരട് (98,047) എന്നിവിടങ്ങളിലും ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവില്‍ ഗണ്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ആഭ്യന്തര ടൂറിസ്റ്റുകളുടെ ഇഷ്ട കേന്ദ്രങ്ങളില്‍ ക്ഷേത്ര നഗരമായ ഗുരുവായൂര്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയപ്പോള്‍ തിരുവനന്തപുരം നഗരം മൂന്നാം സ്ഥാനത്താണ്. കോവളത്തിന് നാലാംസ്ഥാനവും കോഴിക്കോട് നഗരത്തിന് അഞ്ചാം സ്ഥാനവും നേടി. വയനാട്, മൂന്നാര്‍, കുമരകം എന്നീ സ്ഥലങ്ങള്‍ ആറ്, ഏഴ്, എട്ട് സ്ഥാനങ്ങളിലും ആലപ്പുഴ ഒന്‍പതും തേക്കടി പത്തും സ്ഥാനങ്ങള്‍ നേടി.
മൂന്നാര്‍ സന്ദര്‍ശിക്കുന്ന ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. 2013ല്‍ 3,68,816 ആയിരുന്നു മൂന്നാര്‍ സന്ദര്‍ശിച്ചതെങ്കില്‍ 2017ല്‍ ഇത് 6,28,427 ആയി ഉയര്‍ന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ മുന്നാറിലേക്കുള്ള ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവില്‍ 70.39 ശതമാനം വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്.
10,91,870 വിദേശ ടൂറിസ്റ്റുകളാണ് കഴിഞ്ഞ വര്‍ഷം കേരളത്തില്‍ എത്തിയത്. 2016ല്‍ 10,38,419 ആയിരുന്നു വിദേശ ടൂറിസ്റ്റുകളുടെ എണ്ണം. വിദേശ ടൂറിസ്റ്റുകള്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കൂടുതല്‍ എത്തിയത്. ആലപ്പുഴ, മൂന്നാര്‍, വയനാട് എന്നിങ്ങനെയാണ് അടുത്തുള്ള സ്ഥാനങ്ങളില്‍. വിദേശ സഞ്ചാരികള്‍ക്കും കൂടുതല്‍ പ്രിയം കൊച്ചി നഗരത്തോടാണ്. കോവളം രണ്ടാം സ്ഥാനത്തും വര്‍ക്കല മൂന്നാം സ്ഥാനത്തുമാണ് നില്‍ക്കുന്നത്. വിദേശികള്‍ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളില്‍ നാലാം സ്ഥാനത്ത് ഫോര്‍ട്ട്‌കൊച്ചിയും അഞ്ചാമത് തിരുവനന്തപുരം നഗരവുമാണ്. ആറ്, ഏഴ് സ്ഥാനങ്ങള്‍ ആലപ്പുഴ, എറണാകുളത്തെ മരട് എന്നിവക്കാണ്. കുമരകം, മൂന്നാര്‍, തേക്കടി എന്നിവയാണ് എട്ടുമുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍.
2015 വരെ ടൂറിസ്റ്റുകളുടെ പ്രഥമ ലക്ഷ്യസ്ഥാനമായിരുന്ന കോവളം രണ്ട് വര്‍ഷമായി കൊച്ചിക്ക് പിന്നിലാണ്. എന്നാല്‍ സമീപത്തുള്ള ബീച്ച് കേന്ദ്രങ്ങളായ വര്‍ക്കല, പൂവാര്‍ എന്നിവിടങ്ങള്‍ സാരമായ വളര്‍ച്ചയാണ് കൈവരിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍കോവളം 5 ശതമാനം മാത്രം വളര്‍ച്ച നിരക്ക് പ്രകടമാക്കിയപ്പോള്‍ 130.02 ശതമാനം വളര്‍ച്ച സാധ്യമാക്കിയ വര്‍ക്കലയില്‍ 2017ല്‍ ആകെ 1,33,658 വിദേശ ടൂറിസ്റ്റുകള്‍ വന്നെത്തി. കൊച്ചിനഗരത്തിലും ഫോര്‍ട്ട് കൊച്ചി, മരട് എന്നിവിടങ്ങളിലും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ വിദേശ ടൂറിസ്റ്റുകളുടെ വരവില്‍ 43.89 ശതമാനം വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. എന്നാല്‍ തേക്കടി, കുമരകം എന്നിവിടങ്ങളിലേക്കുള്ള വിദേശ ടൂറിസ്റ്റുകളുടെ സന്ദര്‍ശനത്തില്‍ കുറവുണ്ടായി.

SHARE